
പാചകം എന്നത് സ്ത്രീയുടെ ജോലിയാണെന്ന പാട്രിയാർക്കൽ മനോഭാവത്തിൽ നിന്നുമാണ് ഭക്ഷണത്തിൽ മുടി കിട്ടുന്നത് ഇത്രയും വലിയ അപരാധമാകുന്നതെന്ന് എഴുത്തുകാരനും ഡോക്ടറുമായ സതീഷ് കുമാർ. ഭക്ഷണത്തിലെ കാണാത്ത അഴുക്കുകളേക്കാൾ എത്രയോ മാന്യനാണ് കാണാൻ കഴിയുന്ന മുടി. വിളമ്പും മുൻപ് ശ്രദ്ധയിൽ പെട്ടിരുന്നെങ്കിൽ നൈസായി എടുത്തു മാറ്റുമായിരുന്നു എന്നതുപോലെ കഴിക്കുമ്പോൾ ശ്രദ്ധയിൽ പെട്ടാലും അതിനെ ആ വിധം എടുത്തുമാറ്റാവുന്നതേ ഉള്ളൂ. കുട്ടിക്കാലത്ത് പലപ്പോഴും വീട്ടിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്ന സംഭവം തീൻ മേശയിലെ ഭൂകമ്പമല്ലാതായിട്ട് കാലം കുറേ ആയിട്ടുണ്ടാവുമെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലായിരുന്നു അദ്ദേഹം തന്റെ അനുഭവം പങ്കുവച്ചത്.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം
ഭക്ഷണത്തിൽ മുടി എന്നത് അക്ഷന്തവ്യമായ ഒരു അപരാധമാകുന്നത് പാചകം എന്നാൽ സ്ത്രീയുടെ ജോലിയാണ് എന്ന പാട്രിയാർക്കൽ മനോഭാവത്തിൽ നിന്നാണ്.
ഭക്ഷണത്തിൽ അന്യമായ മറ്റ് എന്ത് കലരുന്നതിനേക്കാളും അനേകമായ സാദ്ധ്യതകൾ ഉള്ള ഒന്നാണ് തലമുടിയുടേത്. സ്റ്റാർ ഹോട്ടലുകളിലേത് പോലുള്ള കണിശ പ്രോട്ടോക്കോളുകൾ സാദ്ധ്യമല്ലാത്ത ഗാർഹിക ചുറ്റുപാടുകളിൽ പണിയെടുക്കുന്ന വീട്ടമ്മമാർ എത്ര ശ്രദ്ധിച്ചാലും ഇടക്ക് സംഭവിച്ചേക്കാവുന്ന ഒരു ചെറിയ അബദ്ധമാണത്.
പാചകത്തിന് മുൻപോ പാചകത്തിന് ഇടയിലോ പാചക ശേഷമോ, വിളമ്പിയതിനും ഉണ്ണുന്നതിനും ഇടക്കു പോലുമോ സംഭവിച്ചേക്കാവുന്ന ഒന്ന്
എന്റെ ചെറുപ്പകാലത്ത് ഗാർഹികപരിസരങ്ങളിൽ വലിയ സംഘർഷമുണ്ടാവുന്ന ഒരു സാഹചര്യമായിരുന്നു ഭക്ഷണത്തിലെ മുടി.
അച്ഛൻ സ്ഥലത്തില്ലായിരുന്ന ബാല്യമായതുകൊണ്ടാവണം സ്വന്തം വീട്ടിൽ എന്നതിനേക്കാൾ മൂത്ത അമ്മാവന്റെ വീട്ടിലായിരുന്നു ഈ പറഞ്ഞ ആണധികാരത്തിന്റെ വെളിച്ചപ്പാടുറയൽ ഞാൻ കണ്ടിട്ടുള്ളത്.
അധികാരം എന്നല്ല ,ആണഹങ്കാരം എന്നാണ് പറയേണ്ടത്. ഭക്ഷണം പാത്രത്തോടെ വലിച്ചെറിയുക എന്നത് അരിശനാടകത്തിലെ ഒന്നാം രംഗമായിരുന്നല്ലോ അന്നൊക്കെ.
ആണിന്റെ ക്ഷോഭത്തേക്കാൾ എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത് അപരാധം ചെയ്തുപോയി എന്ന മട്ടിലുള്ള പെണ്ണിന്റെ നിൽപാണ്.
'തെറ്റ് പറ്റിപ്പോയി എന്നിൽ ദയവുണ്ടാവണം ' എന്ന മട്ടിലുള്ള ഒരു ശരീര നിലയാണ് അത്.
ഭക്ഷണത്തിൽ മുടി പെട്ടുകൂടാ എന്ന അറിവ് അടുത്ത തലമുറയിലെ പെൺകുട്ടികളിലേക്ക് പകരുവാൻ പര്യാപ്തമായ ഒന്ന്, ഒരു ഭാഷയും ആവശ്യമില്ലാത്ത ഒരു കമ്മ്യൂണിക്കേഷൻ.
കാര്യങ്ങൾ ഇപ്പോൾ മാറിയിട്ടുണ്ട് എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. ചോറിലെ തലമുടി എന്നത്. തീൻ മേശയിലെ ഭൂകമ്പമല്ലാതായിട്ട് കാലം കുറേ ആയിട്ടുണ്ടാവണം.
അവളുണ്ടാക്കുന്ന ഭക്ഷണത്തിൽ വല്ലപ്പോഴും അവളറിയാതെ പെട്ട് പോകുന്ന ഒരു മുടി അത്രയേറെ അഴുക്കുള്ളതല്ല എന്ന് മാത്രമല്ല പാചകമെന്നത് അവൾ മാത്രം ചെയ്യേണ്ട ഒന്നല്ല എന്നും ബോധ്യപെട്ട് തുടങ്ങിയിട്ടുണ്ട് നവകാല പുരുഷന്മാർക്ക്.
ഒന്നോർത്താൽ ഭക്ഷണത്തിലെ കാണാത്ത അഴുക്കുകളേക്കാൾ എത്രയോ മാന്യനാണ് കാണാൻ കഴിയുന്ന മുടി, വിളമ്പും മുൻപ് ശ്രദ്ധയിൽ പെട്ടിരുന്നെങ്കിൽ നൈസായി എടുത്തു മാറ്റുമായിരുന്നു എന്നതുപോലെ കഴിക്കുമ്പോൾ ശ്രദ്ധയിൽ പെട്ടാലും അതിനെ ആ വിധം എടുത്തുമാറ്റാവുന്നതേ ഉള്ളൂ..
അവളുടെ മുടി കൊഴിയുന്നുണ്ടെന്നും അതിന് എന്തെങ്കിലും ചെയ്യേണ്ടതുണ്ട് എന്നും ഒരു സ്നേഹം കൂടിയാക്കി മാറ്റാവുന്ന ഒന്നാണ് സത്യത്തിൽ ആ സന്ദർഭം. ചിത്രത്തിൽ കാണുന്ന ഇന്നത്തെ വാർത്തയാണ് അല്ലെങ്കിൽ എഴുതാൻ മാത്രം പ്രാധാന്യമില്ലാത്ത ഈ വിഷയത്തെകുറിച്ച് എന്നെക്കൊണ്ട് എഴുതിക്കുന്നത്.
ഭക്ഷണത്തിൽ മുടി എന്നതിൽ ഒരു വലിയ വാർത്തയുണ്ട് എന്ന് ലേഖകന് തോന്നിപ്പിക്കുന്നത് ഞാൻ നേരത്തേ പറഞ്ഞ സാമൂഹ്യ പാഠം പഠിച്ചു വെച്ചിരിക്കുന്നു എന്നത് കൊണ്ടാണ്..
അൽപം കൂടി ശ്രദ്ധിക്കാമായിരുന്നു എന്നത് നേരു തന്നെയാണ്. പക്ഷേ അത് ക്ഷമിക്കാൻ പറ്റാത്ത തരം ഒരു തെറ്റൊന്നുമല്ല എന്ന് മാത്രം.
ഞാനല്ല ഞാനല്ല എന്ന് മുടിയുള്ളവരൊക്കെയും അപരനിലേക്ക് വിരൽ ചൂണ്ടി പരിഭ്രമിക്കാൻ തക്ക ഒന്നുമില്ല അതിൽ.. അത്രയേ ഉള്ളൂ..
(വീട്ടിൽ നിലവിലുള്ള നിയമമനുസരിച്ച് എല്ലാ അലങ്കോലങ്ങളുടേയും ഉത്തരവാദി ഞാനാണ്. അടുക്ക് തെറ്റിക്കുന്നതും അഴുക്കാക്കുന്നതും ഞാൻ എന്നാണ് ഡിഫാൾട്ട് ആയി സെറ്റ് ചെയ്ത് വെച്ചിരിക്കുന്നത്..
എന്റെ നിരപരാധിത്തം തെളിയിക്കാൻ സത്യപ്രസ്താവനകളോ സാക്ഷികളോ ആവശ്യമില്ലാത്തത് മുടിയുടെ കാര്യത്തിൽ മാത്രമാണ്..ചില നേരങ്ങളിൽ മൊട്ടത്തലയെന്നാൽ ചില്ലറ അനുഗ്രഹമല്ല..)