shruthi-haasan

ഭക്ഷണത്തോടും പാചകത്തോടും വളരെയധികം താൽപര്യമുള്ള താരമാണ് ശ്രുതി ഹാസൻ. ശ്രുതിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറികൾ ഇതിന് തെളിവാണ്. ശ്രുതി ദിവസവും പങ്കുവയ്ക്കുന്ന സ്റ്റോറികളിൽ ഒന്നെങ്കിലും ഭക്ഷണവുമായി ബന്ധമുള്ളതായിരിക്കും. തനിക്ക് ഭക്ഷണത്തോടുള്ള പ്രിയവും പാചകപരീക്ഷണങ്ങളുമെല്ലാം ശ്രുതി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ പതിവിൽ നിന്ന് വിപരീതമായി തനിക്ക് പാചകത്തോടുള്ള ഇഷ്ടമൊക്കെ തീർന്നു എന്നായിരുന്നു താരം വീഡിയോയിൽ പറഞ്ഞത്.

പാചകം ചെയ്യുന്നതിനിടെ അടുക്കളയിൽ വച്ച് തന്നെയാണ് ദൃശ്യം പകർത്തിയിരിക്കുന്നത്. കൂൺ ചേർത്ത പാസ്തയാണ് ശ്രുതി പാചകം ചെയ്യുന്നത്. ഇടയ്ക്കിടെ കൈകൊണ്ട് മുഖത്തെ വിയർപ്പൊപ്പുന്നതും കാണാം. തീവ്രമായ ചൂട് സഹിക്കാൻ പറ്റാത്ത് കാരണമാണ് തനിക്ക് പാചകത്തോടുള്ള ഇഷ്ടം പോകുന്നതെന്നും ശ്രുതി പറഞ്ഞു. ഇത് തനിക്ക് മാത്രമുള്ള പ്രശ്നമാണോ അതോ പാചകം ചെയ്യുന്ന എല്ലാവരും നേരിടുന്നതാണോ എന്നും താരം വീഡിയോയിൽ ചോദിക്കുന്നുണ്ട്.

ചൂടുകാലത്ത് അടുക്കളയിൽ ജോലി ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. കായികമായ ജോലികൾ ചെയ്യുന്നവർക്ക് പോലും പലയിടത്തും അധികസമയം വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഉയർന്ന താപനില രേഖപ്പെടുത്തിയതോടെയാണ് ഈ പരിഗണന അനുവദിച്ചത്. എന്നാൽ പലപ്പോഴും വീടുകളിൽ ജോലി ചെയ്യുന്നവർക്ക് ഈ പരിഗണന ലഭിക്കാറില്ല. ചൂടുകാലത്ത് അടുക്കളയിൽ ജോലി ചെയ്യുന്നവരുടെ ബുദ്ധിമുട്ട് ഓർമിപ്പിക്കുന്നതാണ് ശ്രുതി പങ്കുവച്ച വീഡിയോ.