
കൊച്ചുകുട്ടികളുടെ ചില ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമൊക്കെ ചില സമയങ്ങളിൽ മാതാപിതാക്കളെ ദേഷ്യം പിടിപ്പിക്കാറുണ്ട്. കടകളിൽ കാണുന്ന എന്തെങ്കിലും സാധനങ്ങൾ കാണുമ്പോൾ അത് വേണമെന്ന് പറഞ്ഞ് വാശിപിടിക്കുന്ന കുട്ടികൾ നിരവധിയാണ്.
ഇത്തരം സന്ദർഭങ്ങളിൽ കുട്ടി അല്ലേ എന്നുകരുതി അവരുടെ ഇഷ്ടങ്ങൾ സാധിപ്പിച്ചുകൊടുക്കുന്ന ഒരുപാട് മാതാപിതാക്കൾ ഉണ്ട്. എന്നാൽ വഴക്കുപറഞ്ഞോ പേടിപ്പിച്ചോ ബലപ്രയോഗത്തിലൂടെയോ മക്കളെ തിരുത്താൻ നോക്കുന്നവരുമുണ്ട്. എന്നാൽ ഇങ്ങനെയല്ല അവരോട് പെരുമാറേണ്ടത്.
എന്തുകൊണ്ടാണ് ഒരു കാര്യം ഇഷ്ടപ്പെടുന്നത് അല്ലെങ്കിൽ ഇഷ്ടപ്പെടാത്തതെന്ന് കുട്ടികളോട് സ്‌നേഹത്തോടെ ചോദിച്ച് മനസിലാക്കുക. ഉദാഹരണത്തിന് ജങ്ക് ഫുഡിനോടാണ് കുട്ടിക്ക് പ്രിയമെന്ന് കരുതുക. ഇതിന്റെ ദോഷവശങ്ങൾ കുട്ടിയെ പറഞ്ഞുമനസിലാക്കുക. പോഷകങ്ങൾ വേണ്ടവിധം ലഭിക്കാത്ത അവസ്ഥയുണ്ടാകരുത്.
തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ മാതാപിതാക്കൾ മനസിലാക്കുന്നുണ്ടെന്നും, എന്നാൽ എല്ലാം നടത്തിക്കൊടുക്കാൻ ചിലപ്പോൾ കഴിയില്ലെന്നും കുട്ടികളെ ബോദ്ധ്യപ്പെടുത്തണം. പലപ്പോഴും സ്വന്തം ഇഷ്ടങ്ങൾ മാറ്റിവയക്കേണ്ട അവസ്ഥ ജീവിതത്തിലുണ്ടാകുമെന്നും അവരെ പഠിപ്പിക്കുക.