jaleel

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും കരിതേച്ച് കാണിക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്ന് മുൻമന്ത്രി കെ ടി ജലീൽ. പൊതുപ്രവര്‍ത്തകരെ മോശക്കാരാക്കാനാണ് യു ഡി എഫിന്റെയും ബി ജെ പിയുടെയും ശ്രമമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

'ക്ലിഫ് ഹൗസിലേക്ക് ബിരിയാണി കൊടുത്തുവിട്ടു എന്ന് പറയുന്നതിലും എന്റെ വീട്ടിലേക്ക് കൊടുത്തുവിട്ടു എന്ന് പറയുന്നതാകും നല്ലത്. മുഖ്യമന്ത്രി ബിരിയാണി കഴിക്കുന്നത് കണ്ടിട്ടില്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നത് അതുപോലെ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കരുത്. സത്യം ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമെ ജനങ്ങളിലേക്ക് എത്തിക്കാവൂ. കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയാണ് ആവശ്യപ്പെട്ടത്. സ്വർണം എവിടെ പോയി, ആർക്ക് വേണ്ടി, എങ്ങനെ എന്നെല്ലാം പറയേണ്ടത് അന്വേഷണ ഏജൻസികളാണ്. ഞങ്ങളെ സംബന്ധിച്ച് ഒരു ഭയവും ഇക്കാര്യത്തിൽ ഇല്ല. ഞങ്ങളുടെ സ്വത്തുക്കളും അക്കൗണ്ടുകളുമൊക്കെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമായിട്ടുള്ളതാണ്. ഇ ഡി ഉദ്യോഗസ്ഥരെ വീട്ടിലേക്ക് വീണ്ടും സ്വാഗതം ചെയ്യുന്നു. ആരോപിക്കും പോലെ ഏതെങ്കിലും ബന്ധം സ്വർണക്കടത്തുമായി ഉണ്ടായിരുന്നെങ്കിൽ എന്ന് അകത്തായി എന്ന് ചോദിച്ചാ പോരെ. അണുമണി തൂക്കം പങ്ക് ഇല്ലെന്ന് മറ്റാരേക്കാളും അന്വേഷണ ഏജൻസികൾക്ക് അറിയാം. പൊതു പ്രവർത്തനം നടത്തുന്നവരെ ജനങ്ങളുടെ മുന്നിൽ മോശക്കാരാക്കാനുള്ള ശ്രമം വിലപ്പോകില്ല- ജലീൽ പറഞ്ഞു.

സ്വപ്നയും പിസി ജോർജും നട്ടാൽ കുരുക്കാത്ത നുണ പറയുകയാണെന്നും യു പി രജിസ്ട്രേഷൻ ഉള്ള വണ്ടിയിൽ ഭീഷണിപ്പെടുത്താൻ ആര് വന്നു എന്ന് അന്വേഷിക്കട്ടെയെന്നും ജലീൽ പറഞ്ഞു. .