narendra-modi

രാജ്യാതിര്‍ത്തികളില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യവും രാഷ്ട്ര പുരോഗതിയെ അസ്ഥിരപ്പെടുത്തുവാനുള്ള ശത്രു രാഷ്ട്രങ്ങളുടെ ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്ന അന്തരീക്ഷത്തില്‍ ജപ്പാനില്‍ നടന്ന ചതുര്‍രാഷ്ട്ര ഉച്ചകോടി (ക്വാഡ്) ഇന്ത്യയെ സംബന്ധിച്ച് ആശാവഹവും നേട്ടങ്ങള്‍ നിറഞ്ഞതുമായി. വ്യവസായ വാണിജ്യ വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കിയ ഉച്ചകോടി ചൈനയ്ക്ക് ശക്തമായ താക്കീതുമായി മാറി.

ഇന്ത്യയുടെ രാജ്യാന്തര പ്രസക്തിയിലും വളര്‍ച്ചയിലും ഇരിക്കപ്പൊറുതിയില്ലാതായിരിക്കുന്ന ചൈന വര്‍ഷങ്ങളായി ഇന്ത്യയുടെ അതിര്‍ത്തികളില്‍ അനാവശ്യ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരെ കുറുമുന്നണിയുണ്ടാക്കി മേഖലയില്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തടയിടാനും ചൈന ശ്രമം തുടങ്ങിയിട്ട് കാലങ്ങളായി. ജപ്പാനിലെ ടോക്കിയോവില്‍ നടന്ന ഉച്ചകോടി ഇന്തോ- പസഫിക് മേഖലയിലെ തല്‍സ്ഥിതി ഏകപക്ഷീയമായി മാറ്റാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.
കൈയേറ്റം, പ്രകോപനം, മേഖലയില്‍ സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍, തര്‍ക്കങ്ങളില്‍ സൈന്യത്തെ ഉപയോഗിക്കല്‍, തീരസംരക്ഷണ യാനങ്ങളെ അപകടകരമായി ഉപയോഗിക്കല്‍, മറ്റു രാജ്യങ്ങളുടെ തീരങ്ങളില്‍ അസ്വസ്ഥതകളുണ്ടാക്കല്‍ തുടങ്ങിയവയെ കൂട്ടായി പ്രതിരോധിക്കാനാണ് ക്വാഡ് കൂട്ടായ്മയിലെ അംഗരാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് ഇന്ത്യയെ സംബന്ധിച്ച് വളരെ അനുകൂലമായ തീരുമാനങ്ങളാണ്.
ഇന്തോ- പസഫിക് മേഖലയ്ക്കായുള്ള പ്രതിജ്ഞാബദ്ധതയെ ആവര്‍ത്തിച്ചുറപ്പിക്കുന്നതായിരുന്നു ക്വാഡ് രാഷ്ട്രങ്ങളുടെ സംയുക്ത പ്രസ്താവന. നാലാമത് ക്വാഡ് ഉച്ചകോടിയില്‍ (മെയ്-2022) പ്രധാനമന്ത്രി നരേന്ദ്രമോദി, യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനിഡ് എന്നിവര്‍ നേരിട്ട് തന്നെ പങ്കെടുക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈ രാഷ്ട്ര തലവന്മാരുമായി നേരിട്ട് സംവദിക്കാനായതിലൂടെ രാജ്യത്തേക്ക് ഒട്ടേറെ നിക്ഷേപവും വ്യാപാര വാണിജ്യ സഹകരണവും ഉറപ്പാക്കാനായി.
അമേരിക്കയുടെ നേതൃത്വത്തില്‍ ഇന്ത്യയടക്കം 13 രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തി രൂപപ്പെടുത്തിയ പുതിയ വാണിജ്യ- വ്യാപാര ഉടമ്പടി, ഇന്തോ- പസഫിക് സാമ്പത്തിക ചട്ടക്കൂട് എന്നിവ ടോക്യോവില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിക്കുകയുണ്ടായി. ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന വാണിജ്യ സാന്നിദ്ധ്യം മറികടക്കാനുള്ള കൂട്ടായ്മയാണിതെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. കാരണം, യു.എസ്, ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ, മലേഷ്യ, ന്യൂസിലന്‍ഡ്, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, ബ്രൂണൈ, ഇന്തോനേഷ്യ എന്നീ ക്വാഡ് അംഗരാഷ്ട്രങ്ങളില്‍ നിന്നാണ് ലോകത്തിന്റെ മൊത്ത ആഭ്യന്തര വരുമാനത്തിന്റെ 40 ശതമാനവും. ഏഷ്യന്‍ രാജ്യങ്ങളില്‍ വാണിജ്യ ഇടപാടുകള്‍ സുഗമമാക്കാന്‍ അമേരിക്കയെ ക്വാഡ് ഉടമ്പടി സഹായിക്കുന്നതോടെ മേഖലയിലെ ചൈനയുടെ മേല്‍ക്കോയ്മയും അസ്തമിക്കും. മാത്രമല്ല, കൊവിഡ്, ഉക്രൈന്‍ യുദ്ധം തുടങ്ങിയവ ഉണ്ടാക്കിയ പ്രതിസന്ധികള്‍ മറികടക്കാനും അംഗരാജ്യങ്ങളെ ഉടമ്പടി സഹായിക്കുമെന്ന് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു.
ക്വാഡ് ഉച്ചകോടിയോടനുബന്ധിച്ച് രാഷ്ട്രത്തലവന്മാര്‍ അവർ പ്രതിനിധീകരിക്കുന്ന രാജ്യങ്ങൾ തമ്മിൽ സഹകരണം മെച്ചപ്പെടുത്താനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടത് ഇന്ത്യയ്ക്ക് വളരെയധികം പ്രയോജനപ്രദമാണ്. ഇന്ത്യ- ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ 100 വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിലെ ബിരുദ പഠനത്തിന് ഫെലോഷിപ്പ്, ഇന്തോ- പസഫിക് മേഖലയില്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കാന്‍ അഞ്ചുവര്‍ഷത്തേക്ക് 5000 കോടി ഡോളര്‍ സഹായം, ഹരിത ഹൈഡ്രജന്‍, ക്ലീന്‍ എനര്‍ജി, ദുരന്തനിവാരണ സൗകര്യങ്ങളൊരുക്കല്‍ എന്നിവയ്ക്ക് പാക്കേജ്, ഫൈവ് ജി ഉള്‍പ്പെടെ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ അതിസാങ്കേതികവിദ്യയില്‍ സഹകരണം തുടങ്ങിയവ അംഗരാജ്യങ്ങളുടെ പരസ്പര സഹകരണത്തിലൂടെ രാജ്യത്തിന് ലഭിക്കുന്ന നേട്ടങ്ങളാണ്.
ക്വാഡ് സമ്മേളനാനന്തരം ഇന്ത്യക്ക് വ്യാപാരമേഖലയിലുണ്ടായിട്ടുള്ള ഏറ്റവും വലിയ നേട്ടം ചൈനയെ മറികടന്ന് അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയായി എന്നുള്ളതാണ്. ഇത് എല്ലാ രംഗത്തും ഇന്ത്യയ്ക്ക് ഒട്ടേറെ സാദ്ധ്യതകളാണ് തുറന്നുതരുന്നത്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2021- 22 സാമ്പത്തികവര്‍ഷം തന്നെ 11.942 കോടി ഡോളറിന്റെ (9.26 ലക്ഷം കോടി രൂപ) ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ ഉണ്ടായത്. മുന്‍വര്‍ഷം ഇത് 8,051 കോടി ഡോളര്‍ (6.24 ലക്ഷം കോടി) മാത്രമായിരുന്നു. അമേരിക്കയുമായുള്ള കയറ്റുമതിയിലും ഇറക്കുമതിയിലും ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ചൈനയുമായുള്ള ഉഭയകക്ഷിവ്യാപാരം 11.542 കോടി ഡോളര്‍ (8.95 ലക്ഷം കോടി രൂപ) ആണ്. 2013- 14 മുതല്‍ ചൈനയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യപങ്കാളി.
ക്വാഡ് ഉച്ചകോടിയുടെ സ്വാധീനം വ്യാപാരമേഖലയില്‍ ഇന്ത്യയുടെ ചൈനാപങ്കാളിത്തം കുറച്ചുകൊണ്ടുവരികയാണ്. അമേരിക്ക- ഇന്ത്യ ബന്ധം ശക്തമായിക്കൊണ്ടിരിക്കെ അമേരിക്കയുമായുള്ള ഉഭയകക്ഷി വ്യാപാരം ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് കയറ്റുമതി രംഗത്തെ വിഗദ്ധര്‍ പറയുന്നു. മാത്രമല്ല, ആഗോള വിപണിയില്‍ ഇന്ത്യ വിശ്വസനീയ വ്യാപാര പങ്കാളിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വിതരണശൃംഖലയ്ക്കായി ഇന്ത്യയെ സമീപിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളുടെ വര്‍ദ്ധനവ് വ്യക്തമാക്കുന്നു.
ഇന്ത്യയുടെ സ്മാര്‍ട്ട്‌സിറ്റി, ഫൈവ് ജി പദ്ധതികളില്‍ പങ്കാളിത്തത്തിന് ജപ്പാന്‍ കമ്പനികള്‍ എത്തിയിട്ടുള്ളതും ക്വാഡ് ഉച്ചകോടിയുടെ അനന്തരനേട്ടമായി തന്നെ കാണാം.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രവും മതേതര സഹിഷ്ണുതാ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഭാരതം വ്യവസായ വാണിജ്യമേഖലകളില്‍ അനുദിനം പുരോഗമിക്കുകയും വികസിക്കുകയും കൂടി ചെയ്യുമ്പോള്‍ ലോകത്തിന്റെ കേന്ദ്രബിന്ദുവാകാന്‍ അധികം വൈകില്ല.

മാധവന്‍ ബി നായര്‍

(വേൾഡ് ഹിന്ദു പാർലമെന്റ് ചെയർമാൻ, മുൻഫൊക്കാന പ്രസിഡന്റ്)

madhavan-b-nair