
ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ജൂലായ് 18നാണ് തിരഞ്ഞെടുപ്പ് നടക്കുക. ഈ മാസം 15നാണ് വിജ്ഞാപനം, 29വരെ പത്രിക സമർപ്പിക്കാം. ജൂലായ് 21നാകും വോട്ടെണ്ണൽ നടക്കുക. ആകെ 4809 വോട്ടർമാരാണുള്ളത്. 10,86,431ആണ് ആകെ വോട്ട് മൂല്യം. എംഎൽഎമാരുടെ വോട്ട് മൂല്യം 5,43,23 ഉം എംപിമാരുടെ വോട്ട് മൂല്യം 5,43,200 മാണ്.
ഡൽഹിയിൽ വച്ചാണ് വോട്ടെണ്ണൽ നടക്കുക. രാഷ്ട്രീയ പാർട്ടികൾക്ക് വിപ്പ് നൽകാനാവില്ല. രാജ്യസഭാ സെക്രട്ടറി ജനറലാണ് തിരഞ്ഞെടുപ്പ് വരണാധികാരി. കോഴയോ സമ്മർദ്ദമോ കണ്ടെത്തിയാൽ തിരഞ്ഞെടുപ്പ് റദ്ദാക്കും. തിരഞ്ഞെടുപ്പ് കമ്മീഷണർ നൽകുന്ന പേന ഉപയോഗിച്ചില്ലെങ്കിൽ വോട്ട് അസാധുവാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി ജൂലായ് 24ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ്. ലോക്‌സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭകളിലേയും ഡൽഹിയിലേയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉൾപ്പെടുന്ന ഇലക്ടറൽ കോളേജ് ആണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഇലക്ടറൽ കോളേജിൽ ഏറ്റവും കൂടുതൽ വോട്ട് മൂല്യമുള്ളത് ഉത്തർപ്രദേശിനാണ്.