
കാൻസർ രോഗം പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്ന വാർത്ത ഏറെ സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ലോകം വായിച്ചറിഞ്ഞത്. റെക്ടൽ കാൻസർ (മലാശയ കാൻസർ) ബാധിച്ച 18 പേരെയാണ് ഡോസ്റ്റർലിമാബ് എന്ന ഇമ്മ്യൂണോതെറാപ്പി മരുന്നിന്റെ ട്രയലിനായി തിരഞ്ഞെടുത്തത്.
ഇന്ത്യയിൽ നിന്നും നിഷ വർഗീസാണ് ഈ പരീക്ഷണത്തിന് വിധേയയായത്. മൂന്നാഴ്ച കൂടുമ്പോൾ ആറ് മാസത്തോളം ഈ മരുന്ന് കഴിച്ചതോടെ എല്ലാവരിലെയും കാൻസർ ട്യൂമറുകൾ അപ്രത്യക്ഷമായി.
ഇത് ശരിക്കും അത്ഭുതമാണ്. ആ ദിവസം ട്യൂമർ കാണിച്ചില്ല. അതെവിടെ പോയെന്ന് ഞാനും ചിന്തിച്ചു. എവിടെയെങ്കിലും മറഞ്ഞിരിക്കുന്നതാകുമെന്ന് കരുതി. പക്ഷേ ഡോക്ടർ എന്നെ ഞെട്ടിച്ചുകൊണ്ട് ആ വാർത്ത പറഞ്ഞു, ട്യൂമർ പൂർണമായും ഭേദമായി.- നിഷ പറഞ്ഞു.
എൻഡോമെട്രിയൽ കാൻസർ ചികിത്സയിലുപയോഗിക്കുന്ന ഡോസ്റ്റർലിമാബ് റെക്ടൽ കാൻസർ ട്യൂമറുകൾക്കെതിരെ ഫലപ്രദമാണോ എന്നറിയാൻ നടത്തുന്ന ആദ്യ ക്ലിനിക്കൽ ട്രയലാണിത്. അതേസമയം, മറ്റ് അവയവങ്ങളിലേക്ക് കാൻസർ വ്യാപിച്ചിട്ടില്ലാത്തവരുമാണ് ഇവരെല്ലാം. മനുഷ്യശരീരത്തിൽ ആന്റിബോഡികളായി പ്രവർത്തിക്കാൻ ശേഷിയുള്ള ലബോറട്ടറി നിർമ്മിത തന്മാത്രകളടങ്ങിയ മരുന്നാണ് ഡോസ്റ്റർലിമാബ്. ഡോസ്റ്റർലിമാബ് ഡോസ് ഒന്നിന് 11,000 ഡോളറാണ് വില.
18 പേരിലും ഒരേ അളവിൽ മരുന്ന് നൽകി. എൻഡോസ്കോപ്പി, പൊസിട്രോൺ എമിഷൻ ടോമോഗ്രഫി (പി.ഇ.ടി സ്കാൻ), എം.ആർ.ഐ സ്കാൻ തുടങ്ങിയ പരിശോധനകളിലെല്ലാം കാൻസർ ഭേദമായെന്ന് കണ്ടെത്തി. കാൻസറിന്റെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണിതെന്ന് ട്രയൽ നടന്ന ന്യൂയോർക്കിലെ മെമ്മോറിയൻ സ്ലോൻ കെറ്റെറിംഗ് കാൻസർ സെന്ററിലെ ഡോ. ലൂയി എ. ഡയസ് പറഞ്ഞു.
കാൻസർ മുക്തിയ്ക്കായി മുമ്പ് കീമോതെറാപ്പി, സങ്കീർണമായ ശസ്ത്രക്രിയകൾ തുടങ്ങിയവയ്ക്ക് വിധേയരായവരെയാണ് ട്രയലിന് തിരഞ്ഞെടുത്തത്. ഈ ട്രയലിലൂടെ തങ്ങളുടെ രോഗം ഭേദമാക്കാനാകുമെന്ന പ്രതീക്ഷ ഇവരിൽ പലർക്കും ഇല്ലായിരുന്നു. എന്നാൽ, ഫലം വന്നതോടെ എല്ലാവരും ഞെട്ടിയെന്ന് മെമ്മോറിയൻ സ്ലോൻ കെറ്റെറിംഗ് കാൻസർ സെന്ററിലെ ഓങ്കോളജിസ്റ്റ് ഡോ. ആൻഡ്രിയ സെർസെക് പറയുന്നു.
ട്രയലിൽ പങ്കെടുത്ത ആരിലും മരുന്നിന്റെ സങ്കീർണ്ണതകളുണ്ടായില്ല. അതേ സമയം, കൂടുതൽ രോഗികളിൽ ഇത് ഫലവത്താകുമോയെന്നും കാൻസർ എല്ലാവരിലും പൂർണ്ണമായും അപ്രത്യക്ഷമാകുമോ എന്നുമറിയാൻ വലിയ തോതിലുള്ള ട്രയലുകൾ ഇനിയും നടക്കേണ്ടതുണ്ടെന്ന് ഗവേഷകർ പറയുന്നു.