blast

ഹെെദരാബാദ്: രാജ്യത്ത് വീണ്ടും ഇല‌ക്‌ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് അപകടം. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലെ പെദ്ദച്ചിക്കോട് ഗ്രാമത്തിൽ ബുധനാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. ഇല‌ക്‌ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചതിന് പിന്നാലെ ഒരു വീട് കത്തിനശിച്ചു.

ബുധനാഴ്ച രാത്രി വാഹന ഉടമയായ പുട്ട ലക്ഷ്മി നാരായണ തന്റെ അയൽവാസിയായ ദുർഗയ്യയുടെ വീടിന് സമീപമാണ് ഇലക്ട്രിക് സ്‌കൂട്ടർ പാർക്ക് ചെയ്‌തത്. അർദ്ധരാത്രിയോടെ സ്കൂട്ട‌ർ പൊട്ടിത്തെറിക്കുകയും ദുർഗയ്യയുടെ വീട് കത്തിനശിക്കുകയും ചെയ്‌തതായാണ് റിപ്പോർട്ടുകൾ.

വാഹനത്തിന് തീപിടിച്ചതിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ ആളുകൾ ഓടി രക്ഷപ്പെട്ടതിനാൽ ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

രാത്രി മൂന്ന് സ്ഫോടന ശബ്ദം കേട്ടതായും പരിസരവാസികൾ പറയുന്നു. അപകടം നടക്കുമ്പോൾ ബൈക്ക് ചാർജ്ജ് ചെയ്യുകയായിരുന്നുവെന്നും സമീപവാസികൾ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും റിപ്പോർട്ടുകളുണ്ട്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.