
അഹമ്മദാബാദ്: മാതാപിതാക്കളെയും അടുത്ത ബന്ധുക്കളെയും സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി ക്ഷമ ബിന്ദു സ്വയം താലി ചാർത്തി സീമന്തത്തിൽ സിന്ദൂരമണിഞ്ഞു. ഗുജറാത്തിലെ വഡോദര സ്വദേശിയായ ക്ഷമ (24), മറ്റൊരാളുടെ ഭാര്യയാകാൻ താത്പര്യമില്ലാത്തതിനാലാണ് സ്വയം വിവാഹം ചെയ്തത്. രാജ്യത്തെ ആദ്യ സ്വയംവിവാഹം (സോളോഗമി) ആണിത്.
പരമ്പരാഗത രീതിയിൽ ക്ഷേത്രത്തിൽ വച്ച് 11ന് വിവാഹിതയാകുമെന്നായിരുന്നു ക്ഷണക്കത്തിൽ. എന്നാൽ, വിവാദമായതോടെ, എതിർപ്പുകൾ ഭയന്ന് ഇന്നലെ ഗോത്രി പ്രദേശത്തുള്ള വീട്ടിൽ ചടങ്ങ് നടത്തുകയായിരുന്നു. ചടങ്ങ് 40 മിനിട്ട് നീണ്ടു. ഹൽദി, മെഹന്ദി ചടങ്ങുകളുമുണ്ടായിരുന്നു. ഗോവയിലാണ് ഹണിമൂൺ. പരമ്പരാഗതമല്ലാത്ത വിവാഹം ക്ഷേത്രത്തിൽ വച്ച് നടത്തുന്നത് എതിർക്കുമെന്ന് ബി.ജെ.പി നേതാവ് സുനിത ശുക്ല നേരത്തെ പറഞ്ഞിരുന്നു.