madhu

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ 11ാം സാക്ഷിയും മധുവിന്റെ ബന്ധുവും കൂടിയായ ചന്ദ്രനാണ് നേരത്തെ നൽകിയ മൊഴി നിഷേധിച്ചത്.

മധുവിനെ പ്രതികൾ മർദ്ധിക്കുന്നത് കണ്ടെന്നായിരുന്നു ചന്ദ്രൻ നേരത്തേ മൊഴി നൽകിയത്. രഹസ്യ മൊഴിയിലും ഇക്കാര്യം ആവർത്തിച്ചിരുന്നു. എന്നാൽ ഈ മൊഴി പൊലീസ് ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയതാണെന്നാണ് ഇന്ന് ചന്ദ്രൻ വിസ്താരത്തിനിടെ പറഞ്ഞത്. ഇതോടെ സാക്ഷി കൂറുമാറിയതായി കോടതിയും വ്യക്തമാക്കി.

ഇന്നലെ പത്താം സാക്ഷിയായ ഉണ്ണികൃഷ്ണനും കൂറുമാറിയിരുന്നു. വിചാരണയ്ക്കിടെ തന്നെയാണ് ഇയാളും കൂറുമാറിയത്. സംഭവം കണ്ടെന്ന് ഉണ്ണികൃഷ്ണൻ നൽകിയ മൊഴി പൊലീസ് നിർബന്ധിച്ച് എഴുതി വാങ്ങിയതാണെന്നാണ് ഇന്നലെ കോടതിയെ അറിയിച്ചത്.

രണ്ട് പ്രധാന സാക്ഷികൾ കൂറുമാറിയത് കേസിനെ സാരമായി തന്നെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തൽ. കേസിന്റെ സാക്ഷി വിസ്താരം മണ്ണാർകാട് കോടതിയിൽ വെള്ളിയാഴ്ചയും തുടരും.

കേസിലെ സാക്ഷികളെ പ്രതികൾ രാഷ്ട്രീയ ബന്ധങ്ങളും പണവും ഉപയോഗിച്ച് സ്വാധീനിച്ചുവെന്ന് സംശയിക്കുന്നതായി മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു. ബന്ധു കൂടിയായ പ്രധാന സാക്ഷിയെ പ്രതികളിലൊരാൾ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകളടക്കം അഗളി പൊലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.

ഭരണത്തിലിരിക്കുന്നവരുമായി പ്രതികൾക്ക് അടുത്ത ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും തങ്ങൾക്ക് നീതി ലഭിച്ചില്ലെങ്കിൽ സമരവുമായി തെരുവിലിറങ്ങുമെന്നും മധുവിന്റെ കുടുംബം പറഞ്ഞു.

അതേസമയം, പ്രോസിക്യൂട്ടർമാർക്ക് ഫീസ് നൽകാതെ കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതായും കുടുംബം ആരോപിക്കുന്നു. സർക്കാർ നിയമിച്ച രണ്ട് പ്രോസിക്യൂട്ടർമാർക്കും ഇതുവരെ ഫീസ് നൽകിയിട്ടില്ല. മുൻപ് നിയമിച്ച പ്രോസിക്ക്യൂട്ടർമാർക്കും ഫീസ് നൽകിയിരുന്നില്ല. തുടർന്ന് അവർ കേസിൽ നിന്ന് പിന്മാറി.

2018 ഫെബ്രുവരി 22ന് ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദനത്തെ തുടർന്നാണ് കൊല്ലപ്പെട്ടത്. ഭക്ഷണം മോഷ്ടിച്ചു എന്നാരോപിച്ചാണ് നാട്ടുകാർ മധുവിനെ കെട്ടിയിട്ട് മർദിച്ചത്. ഇത് സംബന്ധിച്ച വീഡിയോ ദൃശ്യങ്ങളും അന്ന് പുറത്തുവന്നിരുന്നു.