
ന്യൂഡൽഹി: മിഡ് സൈസ് സെഡാനായ ഫോക്സ്‌വാഗൻ വെർട്ടസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അഞ്ച് വേരിയന്റുകളിലായാണ് വെർട്ടസ് ഇന്ത്യൻ വിപണികളിൽ എത്തുക. ഒരു ലിറ്റർ എൻജിൻ വേരിയന്റിന് 11.21 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 1.5 ലിറ്റർ എൻജിൻ വേരിയന്റിന് 17.91 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. എന്നാൽ ഈ വേരിയന്റ് ജിടി പ്ളസ് ലൈനിൽ മാത്രമാണ് ലഭ്യമാകുക. ഇന്ത്യയടക്കം 26 രാജ്യങ്ങളിൽ വില്പനയ്ക്കെത്തുന്ന വെർട്ടസിന്റെ ലോഞ്ച് ഫോക്സ്‌വാഗൺ നേരത്തെ തന്നെ നടത്തിയിരുന്നു. ബുക്കിംഗും മുൻകൂട്ടി ആരംഭിച്ചിരുന്നു.
ഫോക്സ്‌വാഗണിന്റെ മിഡ്സൈസ് സെഡാനായിരുന്ന വെന്റോയ്ക്ക് പകരക്കാരനായാണ് വെർട്ടസ് എത്തുന്നത്. ഹാച്ച്ബാക്ക് മോഡലായ പോളോയോടൊപ്പം വെന്റോയേയും ഫോക്സ്‌വാഗൺ അടുത്തിടെ മാർക്കറ്റിൽ നിന്നും പിൻവലിച്ചിരുന്നു. വെന്റോയുടെ പകരക്കാരനായാണ് എത്തുന്നതെങ്കിലും വെർട്ടസിന് വെന്റോയെക്കാളും വലിപ്പം കൂടുതലുണ്ടാകും. എക്യൂബി എ പ്ളാറ്റ്ഫോമിൽ നിർമിക്കുന്ന വെർട്ടസ്, സ്കോഡ സ്ളാവിയയുടെ മറ്റൊരു പതിപ്പാണ്. എന്നാൽ ഒറ്റനോട്ടത്തിൽ സ്ളാവിയയുമായി സാമ്യം തോന്നാത്ത രീതിയിൽ അകത്തും പുറത്തും നിരവധി മാറ്റങ്ങളോടെയാണ് വെർട്ടസ് എത്തുന്നത്.

വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് മൊബൈൽ ചാർജിംഗ്, സൺറൂഫ്, പുഷ് ബട്ടൺ സ്റ്റാർട്ട്, 10 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എട്ട് ഇഞ്ച് ഡിജിറ്റർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 സ്പീക്കർ ഓഡിയോ സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ എന്നിവയോടൊപ്പമാണ് വെർട്ടസ് എത്തുന്നത്. ഇതിനു പുറമേ നാല്പതിലധികം സുരക്ഷാ സംവിധാനങ്ങളും വെർട്ടസിന്റെ പ്രത്യേകതയാണെന്ന് നിർമാതാക്കളായ ഫോക്സ്‌വാഗൺ അവകാശപ്പെടുന്നു.
രണ്ട് എൻജിൻ വേരിയന്റുകളിലായാണ് വാഹനം വിപണിയിൽ എത്തുന്നത്. 1.5 ലിറ്റർ ടിഎസ്ഐ, ഒരു ലിറ്റർ ടിഎസ്ഐ വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. ഒരു ലിറ്റർ എൻജിൻ മോഡൽ 110 പിഎസ് കരുത്ത് നൽകുമ്പോൾ 150 പിഎസ് കരുത്താണ് 1.5 ലിറ്റർ എൻജിനുള്ളത്. 1 ലീറ്ററിന് ആറു സ്പീഡ് മാനുവലും ടോർക്ക് കൺവർട്ടർ ഓട്ടോയുമുണ്ട്. 7 സ്പീഡ് ഡി എസ് ജിയാണ് 1.5 ലീറ്ററിന്. 1 ലീറ്ററിന് ആറു സ്പീഡ് മാനുവലും ടോർക്ക് കൺവർട്ടർ ഓട്ടോയുമുണ്ട്.