 
കൊല്ലം : സംസ്ഥാനത്ത് 152 വെറ്ററിനറി ആംബുലൻസുകൾ ഉടൻ അനുവദിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി. മുൻ രാജ്യസഭാംഗം അഡ്വ.കെ.സോമപ്രസാദിന്റെ ഫണ്ടിൽ നിന്ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിനായി വാങ്ങിയ ആംബുലൻസ് ഫ്ളാഗ് ഒഫ് ചെയ്യുകയായിരുന്നു മന്ത്രി.
ആദ്യഘട്ടമായി 29 ആംബുലൻസുകൾ നിരത്തിലിറക്കും. കർഷകരുടെ വീട്ടുമുറ്റത്ത് വെറ്ററിനറി സേവനമെത്തിക്കുകയാണ് ലക്ഷ്യം.ഉത്സവപ്പറമ്പുകളിൽ വിരണ്ടോടുന്ന ആനകളെ മയക്കുവെടി വയ്ക്കാനും അപകടത്തിൽപ്പെടുന്ന വളർത്തുമൃഗങ്ങളെ രക്ഷപ്പെടുത്താനുമുള്ള എല്ലാസജ്ജീകരണങ്ങളും പുതിയ ആംബുലൻസിലുണ്ട്.
മുൻ എം.പി.അഡ്വ. കെ. സോമപ്രസാദ് അദ്ധ്യക്ഷനായി. ആംബുലൻസിന്റെ താക്കോൽദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ദാനിയേൽ കളക്ടർ അഫ്സാന പർവീണിന് നൽകി നിർവഹിച്ചു. വെറ്ററിനറി ഡോക്ടർമാർക്കുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വിതരണം അഡ്വ. കെ. സോമപ്രസാദ് നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ജിബത്ത്, ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി.നിഷ, പ്രോജക്ട് ഓഫീസർ ഡോ.എസ്.പ്രിയ, അസി.ഡയറക്ടർ ഡോ.ഡി.ഷൈൻകുമാർ, എസ്.പി.സി എ വൈസ് പ്രസിഡന്റ് ജനാർദ്ദനൻ പിള്ള,ഡോ.കെ.കെ.തോമസ്, ഡോ.സുജ ടി. നായർ, ജി.സത്യരാജ് എന്നിവർ സംസാരിച്ചു.