shreyas-iyer

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി ട്വന്റിയിൽ അപൂർവ റെക്കാ‌ഡിന് ഉടമയായിരിക്കുകയാണ് ഇന്ത്യൻ താരം ശ്രേയസ് അയ്യർ. രണ്ട് അന്താരാഷ്ട്ര ടി ട്വന്റി മത്സരങ്ങളിൽ പുറത്താകുന്നതിന് ഇടയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കാഡാണ് ശ്രേയസിന് സ്വന്തമായത്. അവസാനം കളിച്ച നാല് അന്താരാഷ്ട്ര മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ മാത്രമാണ് ശ്രേയസ് പുറത്തായത്. അതിന് മുമ്പ് ശ്രീലങ്കയിൽ നടന്ന ടി ട്വന്റി പരമ്പരയിൽ തകർപ്പൻ ഫോമിലായിരുന്ന ശ്രേയസ് കളിച്ച മൂന്ന് മത്സരങ്ങളിലും നോട്ടൗട്ട് ആയിരുന്നു.

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ താരം കൂടിയായിരുന്ന ശ്രേയസ് തുടർച്ചയായി മൂന്ന് അർദ്ധസെഞ്ചുറികളും നേടിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിൽ പ്രിട്ടോറിയസിന്റെ പന്തിൽ ബൗൾഡായി മടങ്ങിയ ശ്രേയസ് 27 പന്തിൽ മൂന്ന് സിക്സും ഒരു ഫോറും അടക്കം 36 റൺസ് എടുത്തിരുന്നു. ശ്രീലങ്കൻ പരമ്പരയിൽ നേടിയ റൺസും കൂടി ചേർത്താൽ നാല് ഇന്നിംഗ്സുകളിൽ നിന്നായി 240 റൺസാണ് ശ്രേയസിന്റെ സമ്പാദ്യം. 57, 74, 73, 36 എന്നിങ്ങനെയായിരുന്നു ശ്രേയസിന്റെ നാല് ഇന്നിംഗ്സുകളിലെ സമ്പാദ്യം.

എന്നാൽ ശ്രേയസിന് ഒപ്പം ഈ റെക്കാ‌ഡ് പങ്കിടാൻ മറ്റൊരു താരം കൂടിയുണ്ട്. ഓസ്ട്രേലിയൻ ക്യാപ്ടനായ ആരോൺ ഫിഞ്ചാണ് ശ്രേയസിനൊപ്പം ഈ റെക്കാഡ് പങ്കിടുന്നത്. സിംബാബ്‌വേയ്ക്കെതിരായ പരമ്പരയിൽ ആദ്യ മത്സരത്തിൽ 68 റൺസുമായി പുറത്താകാതെ നിന്ന ഫിഞ്ച് രണ്ടാം മത്സരത്തിൽ 172 റൺസ് നേടിയിരുന്നു. ഓസ്ട്രേലിയയുടെ തന്നെ ഡേവിഡ് വാർണറിനാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനം. 239 റൺസാണ് വാർണറിന്റെ സമ്പാദ്യം. മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയ്ക്ക് 224 റൺസ് ഉണ്ട്.