swapna-vijay-sakhare

കൊച്ചി: സ്വപ്ന സുരേഷിനെ ബന്ധപ്പെടാൻ താൻ ശ്രമിച്ചിട്ടില്ലെന്ന് എ ഡി ജി പി വിജയ് സാഖറെ. ഷാജി കിരണിനെ അറിയില്ലെന്നും കേസുമായി ഒരു ബന്ധവുമില്ലെന്നും സാഖറെ പറഞ്ഞു. ഷാജി കിരണിന്റെ ഫോണിൽ എ ഡി ജി പി നിരന്തരം വിളിച്ചിരുന്നു എന്ന് സ്വപ്ന സുരേഷ് ഇന്ന് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്വപ്നയ്ക്ക് എന്ത് വേണമെങ്കിലും പറയാം. എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു എന്ന് അവരോട് തന്നെ ചോദിക്കണമെന്നും സാഖറെ പ്രതികരിച്ചു. അതേസമയം, സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കുന്നത് ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും.

ഒരു എസ് പിയും 10 ഡി വൈ എസ്‍ പിമാരും അടങ്ങുന്ന സംഘത്തിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. സ്വപ്നയും പി സി ജോർജ്ജും ചേർന്നുള്ള ഗൂഡാലോചനയാണ് വെളിപ്പെടുത്തലിന് പിന്നിലെന്ന മുൻ മന്ത്രി കെ ടി ജലീലിന്റെ പരാതി അന്വേഷിക്കാനാണ് ഈ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.

കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ഇത്ര വേഗത്തിൽ പ്രത്യേക സംഘം ഏറ്റെടുത്തിരിക്കുന്നത്. ക്രൈം ബ്രാഞ്ച് എ ഡി ജി പി ഷെയ്ക്ക് ദർവേസ് സാഹിബിൻെറ നേതൃത്വത്തിലുള്ള സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ് പി മധുസൂധനനാണ്. പി സി ജോർജ്ജിനെയും സ്വപ്നയെയും സരിത എസ് നായരെയും സംഘം വൈകാതെ ചോദ്യം ചെയ്യുമെന്നാണ് വിവരം.