
ന്യൂഡൽഹി: മെയ്ക്ക് ഇൻ ഇന്ത്യ കാമ്പയിന്റെ ഭാഗമായി ആഭ്യന്തര ഉത്‌പാദനം പ്രോത്സാഹിപ്പിക്കാനായി റഫ്രിജറേറ്റർ ഇറക്കുമതി നിയന്ത്രിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. നിലവിൽ 500 കോടി ഡോളർ (ഏകദേശം 39,000 കോടി രൂപ) മൂല്യമുള്ള ഇന്ത്യൻ ഫ്രിഡ്ജ് വിപണിയിൽ സാംസംഗ്, എൽജി എന്നിവയ്ക്ക് തിരിച്ചടിയാകുന്നതാണ് ഈ നീക്കം.
2020ൽ ഇന്ത്യ എ.സി., ടെലിവിഷൻ എന്നിവയ്ക്ക് സമാന ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിലവിൽ സ്വതന്ത്ര വ്യാപാരക്കരാറിൽ ഏർപ്പെട്ടിട്ടുള്ള ബംഗ്ളാദേശ്, തായ്‌ലൻഡ്, ഇൻഡോനേഷ്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യ പ്രധാനമായും നികുതിരഹിതമായ റഫ്രിജറേറ്ററുകൾ ഇറക്കുമതി ചെയ്യുന്നത്. ഇതിന് തടയിടാനാണ് കേന്ദ്രനീക്കം.