kerala-police-twitter-acc


തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഓക്ക് പാരഡൈസ് എന്ന ഗ്രൂപ്പ് ഹാക്ക് ചെയ്ത തങ്ങളുടെ ട്വിറ്റർ അക്കൗണ്ട് മണിക്കൂറുകൾക്കുള്ളിൽ തിരിച്ചുപിടിച്ച് കേരള പൊലീസ്. ഇന്നലെ എട്ട് മണിയോടെയാണ് ട്വിറ്ററിലെ ദി കേരള പൊലീസ് എന്ന പൊലീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്.

എന്നാൽ മണിക്കൂറുകൾക്കുള്ളിൽ രാത്രിയോടെ തന്നെ അക്കൗണ്ട് പൊലീസ് തിരിച്ചുപിടിച്ചു. 3.14 ലക്ഷം പേരാണ് ട്വിറ്ററിൽ കേരള പൊലീസിനെ പിന്തുടരുന്നത്. 2013 മുതൽ സജീവമായ അക്കൗണ്ടിലെ എല്ലാ ട്വീറ്റുകളും ഹാക്കർമാർ നീക്കം ചെയ്തു. എന്നാൽ ഹാക്കർമാർ ഡിലീറ്റ് ചെയ്ത എല്ലാ പോസ്റ്റുകളും പൊലീസ് തിരിച്ചുപിടിച്ചിട്ടുണ്ട്.

kerala-police-twitter-acc

എൻ എഫ് ടി, ക്രിപ്ടോ പോലുള്ള ആധുനിക നിക്ഷേപ മാർഗങ്ങൾക്ക് ജനപിന്തുണ നേടിയെടുക്കുന്നതിനായി ഏറെ ഫോളോവേഴ്സുള്ള ഇത്തരം അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്ന ഹാക്കർമാരുടെ സംഘങ്ങൾ ഇപ്പോൾ സജീവമാണ്. അത്തരം സംഘമാണ് ഇതിനും പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.

ഹാക്ക് ചെയ്ത് പേര് മാറ്റിയ ശേഷം എൻ എഫ് ടി അനുകൂല ട്വീറ്റുകളാണ് അക്കൗണ്ടിൽ റിട്വീറ്റ് ചെയ്യപ്പെട്ടത്. ഓക് പാരഡൈസ് എന്നാണ് അക്കൗണ്ടിന്റെ പേര് മാറ്റിയത്. മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് തിരികെ പിടിക്കാനായത് പൊലീസിന്റെ നേട്ടം തന്നെയാണ്.

എന്നിരുന്നാലും പൊലീസിന്റെ അക്കൗണ്ടുകൾക്ക് പോലും സൈബർ സുരക്ഷ ഭീഷണി നിലനിൽക്കുന്നത് പലരിലും ചോദ്യങ്ങളുയർത്തിയിരുന്നു. അതിനാൽ തന്നെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് തന്നെയാണ് വിവരം.