pic

ഓസ്റ്റിൻ: യു.എസിലെ ടെക്സ‌സിലെ അമരില്ലോ നഗരത്തിലെ അധികൃതർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണിത്. അമരില്ലോ മൃഗശാലയുടെ ഗേറ്റിന് പുറത്ത് മേയ് 21ന് പുലർച്ച 1.25ന് പ്രത്യക്ഷപ്പെട്ട വിചിത്ര രൂപമാണിത്. സുരക്ഷാ കാമറയിൽ പതിഞ്ഞ ഈ രൂപം തിരിച്ചറിയാൻ നാട്ടുകാരുടെ സഹായം തേടിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഏതോ വിചിത്ര ജീവിയാണെന്ന് തോന്നുമെങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചാൽ വിചിത്ര വസ്ത്രം ധരിച്ച ഒരാൾ ഗേറ്റിന് പുറത്ത് അലയുന്നത് പോലെയാണ് തോന്നുന്നത്.

' രാത്രി നടക്കാൻ ഇഷ്ടപ്പെടുന്ന വിചിത്ര തൊപ്പി ധരിച്ച ആരെങ്കിലുമാണോ ഇത് ? അതോ ഒരു ചുപകാബ്രയോ (ഒരു നിഗൂഡ ജീവി )​ ? ഇതെന്താണെന്ന് നിങ്ങൾക്ക് എന്തെങ്കിലും ഐഡിയ ഉണ്ടോ ? " ചിത്രത്തിനൊപ്പം അധികൃതർ കുറിച്ചു.

ഏതായാലും വിചിത്ര രൂപം പ്രത്യക്ഷപ്പെട്ട സമയം മേഖലയിൽ കുറ്റകൃത്യങ്ങളോ അസ്വഭാവിക സംഭവങ്ങളോ നടന്നിട്ടില്ലെന്ന് പ്രാദേശിക ഭരണകൂടം പറയുന്നു. വഴിതെറ്റിവന്ന അന്യഗ്രഹ ജീവി മുതൽ മനുഷ്യ ചെന്നായ വരെയാണ് ചിത്രത്തിലുള്ളതെന്നാണ് തമാശരൂപേണ സോഷ്യൽ മീഡിയയ്ക്ക് താഴെ നിറയുന്ന കമന്റുകൾ. ഏതായാലും വൈകാതെ ഇതിന്റെ ഉത്തരം ശരിക്കും അറിയാനാകുമെന്നാണ് പ്രതീക്ഷ.

 ചുപകാബ്ര

അമേരിക്കൻ ഭൂഖണ്ഡം, റഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ പ്രദേശങ്ങളിൽ ഉണ്ടെന്ന് പറയപ്പെടുന്ന ജീവിയാണിത്. നാല് അടിയോളം പൊക്കവും ചെതുമ്പലുകളും കൂർത്ത വലിയ മുള്ളുകളും നിറഞ്ഞ ശരീരമുള്ള ഇവയ്ക്ക് രണ്ടു കാലിൽ നിൽക്കാനാകുമെന്നും മുഖത്തിന് കാട്ടുനായയുമായാണ് സാമ്യമെന്നുമാണ് കഥകൾ. ഇവ ആട്, കന്നുകാലികൾ തുടങ്ങിയ വളർത്തുമൃഗങ്ങളുടെ രക്തം ഊറ്റിക്കുടിക്കുമത്രെ. കൊല്ലുന്ന ജീവികളുടെ കഴുത്തിൽ രണ്ട് മുറിപാടുകളുണ്ടാക്കി അതിലൂടെ രക്തം ഊറ്റിക്കുടിക്കലാണത്രെ ഇവയുടെ രീതി. ചുപകാബ്രയുടെ നിലനിൽപ് സംബന്ധിച്ച് തെളിവുകളില്ലാത്തതിനാൽ അവ വെറും സാങ്കല്പിക സൃഷ്ടിയാണെന്ന് ശാസ്ത്രലോകം പറയുന്നു.