
കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിലും, പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസിലും നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. രണ്ട് കേസുകളിലും നടന്റെ അറസ്റ്റ് നേരത്തെ കോടതി തടഞ്ഞിരുന്നു.
പീഡനം നടന്നിട്ടില്ലെന്നും ഉഭയ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നുമാണ് വിജയ് ബാബുവിന്റെ വാദം. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും നടൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
വിദേശത്ത് ഒളിവിലായിരുന്ന വിജയ് ബാബു അടുത്തിടെയാണ് നാട്ടിലെത്തിയത്. ചോദ്യം ചെയ്യലിന് പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. സിനിമയിൽ അവസരങ്ങൾ വാഗ്ദ്ധാനം ചെയ്ത് നിരവധി തവണ നടൻ ബലാത്സംഗം ചെയ്തെന്നാരോപിച്ച് ഏപ്രിൽ 22നാണ് യുവനടി പൊലീസിൽ പരാതി നൽകിയത്.
നടി പരാതി നൽകിയതിന് പിന്നാലെ ഫേസ്ബുക്ക് ലൈവിലൂടെയാണ് വിജയ് ബാബു പരാതിക്കാരിയുടെ പേര് പുറത്തുവിട്ടത്. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.