
പാലക്കാട്: സ്വർണക്കടത്തിൽ വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ കെ.ടി ജലീൽ നൽകിയ പരാതിയിൽ പൊലീസെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് വീണ്ടും ഹൈക്കോടതിയിലേക്ക്. തിങ്കളാഴ്‌ച കോടതിയിൽ ഹർജി നൽകുമെന്നാണ് സ്വപ്‌ന വ്യക്തമാക്കുന്നത്. ജലീലിന്റെ പരാതിയിൽ കന്റോൺമെന്റ് പൊലീസാണ് സ്വപ്‌നയ്‌ക്കും പി.സി ജോർജിനും എതിരെ കേസെടുത്തത്. കോടതിയിൽ പി.സി ജോർജും ഹർജി നൽകും.
സ്വപ്‌നയും പി.സി ജോർജും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു ജലീൽ നൽകിയ പരാതി. നിയമോപദേശത്തിനെത്തുടർന്ന് 123 ബി, 150 വകുപ്പുകളനുസരിച്ച് പൊലീസ് കേസെടുത്തു. അതേസമയം ഇന്ന് മൂന്ന് മണിയ്‌ക്ക് മുഖ്യമന്ത്രിയ്‌ക്ക് വേണ്ടി ഇടനിലക്കാരനായെത്തിയെന്ന് സ്വപ്‌ന സുരേഷ് ആരോപിക്കുന്ന ഷാജ് കിരണുമായുളള ശബ്‌ദരേഖ പുറത്തുവിടുമെന്ന് സ്വപ്‌ന അറിയിച്ചു.
മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയ കൊട്ടാരക്കര സ്വദേശി ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം. ജീവന് ഭീഷണിയുണ്ടെന്നും, അതിനാലാണ് ശേഖരിച്ച തെളിവുകളെല്ലാം പുറത്തുവിടുന്നതെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു.
സ്വപ്ന സുരേഷ് തന്റെ സുഹൃത്താണെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഷാജ് കിരൺ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയെയോ കോടിയേരി ബാലകൃഷ്ണനെയോ പരിചയമില്ല. എം. ശിവശങ്കറെ നേരിൽ കണ്ടിട്ടില്ല. ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയുണ്ടെങ്കിൽ സ്വപ്ന പുറത്തുവിടട്ടെയെന്നും ഇയാൾ വെല്ലുവിളിച്ചിരുന്നു.