
ന്യൂഡൽഹി: കാൺപൂർ സംഘർഷത്തിൽ പരിക്കേറ്റവരെ സന്ദർശിക്കാനെത്തിയ ഇ ടി മുഹമ്മദ് ബഷീർ എം പിയെ ഉത്തർപ്രദേശ് പൊലീസ് തടഞ്ഞുവച്ചതായി പരാതി. ബിജെപി വക്താവ് നുപൂർ ശർമയുടെ പ്രവാചകവിരുദ്ധ പരാമർശങ്ങൾക്ക് പിന്നാലെ കാൺപൂരിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ എം പി സന്ദർശനത്തിനായി എത്തിയത്. പൊലീസ് തടഞ്ഞതിന് പിന്നാലെ എം പി ഡൽഹിയിലേയ്ക്ക് മടങ്ങി. സംഘർഷം നിലനിൽക്കുന്ന സ്ഥലമായതിനാൽ അകത്തേയ്ക്ക് കടത്തിവിടാൻ സാധിക്കില്ലെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് രാവിലെ 11 മണിയ്ക്ക് മാദ്ധ്യമങ്ങളെ കാണുമെന്ന് അദ്ദേഹം അറിയിച്ചു. സംഘപരിവാർ ഭരണകൂടങ്ങൾ നിരന്തരം ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. വേട്ടയാടപ്പെടുന്ന മനുഷ്യർക്ക് ആശ്വാസമേകാൻ, അവരെ ഒന്ന് കാണാൻ പോലും അനുവദിക്കാത്ത തലത്തിലേയ്ക്ക് ഫാസിസം വളർന്നിരിക്കുന്നു. രാജ്യത്തെ മുഴുവൻ മതേതര വിശ്വാസികളും ഇതിനെതിരെ ശബ്ദമുയർത്തണമെന്നും സമൂഹമാദ്ധ്യമത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ സ്‌പീക്കർക്ക് ഉൾപ്പടെ കത്ത് നൽകിയതായി ഇ ടി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കാൺപൂരിൽ പൊലീസ് തടഞ്ഞതിനെ തുടർന്ന് രാവിലെ 6 മണിക്ക് ഡൽഹിയിൽ തിരിച്ചെത്തി. ഇന്ന് 11 മണിക്ക് മാദ്ധ്യമങ്ങളെ കാണും.
നിരന്തരം ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന സംഘപരിവാർ ഭരണകൂടങ്ങൾ ഇതവസാനിപ്പിച്ചേ മതിയാകൂ. വേട്ടയാടപ്പെടുന്ന മനുഷ്യർക്ക് ആശ്വാസമേകാൻ, അവരെ ഒന്ന് കാണാൻ പോലും അനുവദിക്കാത്ത തരത്തിലേക്ക് ആ ഫാസിസം വളർന്നിരിക്കുന്നു.
രാജ്യത്തെ മുഴുവൻ മതേതര വിശ്വാസികളും ഇതിനെതിരെ ശബ്ദിക്കണം.
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പൊലീസ് വേട്ടയാടൽ നേരിട്ട മനുഷ്യരെയും മറ്റു ബന്ധപ്പെട്ടവരെയും നേരിൽ കാണാൻ കാൺപൂരിലെത്തി. എന്നാൽ ഈ അർദ്ധരാത്രി യു പി പൊലീസ് പല ന്യായങ്ങൾ പറഞ് ഞങ്ങളെ തടഞ്ഞിരിക്കുയാണ്. അതിനെത്തുടർന്ന് ഞങ്ങൾ റോഡിലിരുന്ന് പ്രതിഷേധിച്ചു. എന്നിട്ടും യു പി പൊലീസ് വഴങ്ങാൻ തയ്യാറായില്ല. ഇപ്പോൾ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ച് തൽക്കാലം ഡൽഹിയിലേക്ക് മടങ്ങുകയാണ്. യു പി പൊലീസിന്റെ ഈ ജനാധിപത്യ വിരുദ്ധമായ നടപടിക്കെതിരെ പ്രതിഷേധം തുടരും.