
ഇടുക്കി: സംരക്ഷിത വനമേഖലകൾക്ക് ഒരു കിലോമീറ്റർ പരിധിയിൽ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചുളള സുപ്രീംകോടതി വിധിക്കെതിരായ എൽഡിഎഫ് ഹർത്താൽ പുരോഗമിക്കുകയാണ്. രാവിലെ ആറ് മണിമുതൽ വൈകിട്ട് ആറ് മണിവരെയാണ് ഹർത്താൽ. സുപ്രീംകോടതി വിധി റദ്ദാക്കണമെന്നും കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് 12 മണിക്കൂർ ഹർത്താൽ നടക്കുന്നത്.
ഹർത്താലിനോട് അനുബന്ധിച്ച് ഇടതുമുന്നണി പ്രവർത്തകർ തൊടുപുഴയിൽ പ്രകടനം നടത്തി. കട്ടപ്പനയിൽ കാനറാബാങ്ക് ശാഖ സിപിഎം പ്രവർത്തകരെത്തി അടപ്പിച്ചു. അവശ്യ സർവീസുകളെ മാത്രം ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല, കെഎസ്‌ആർടിസി ദീർഘദൂര സർവീസുകൾ ഓടുന്നുണ്ട്. കടകൾ പൂർണമായും അടഞ്ഞുകിടക്കുകയാണ്.

ഹൈറേഞ്ചിലും ലോറേഞ്ചിലും ജനങ്ങൾ വളരെ അനുകൂലമായാണ് പ്രതികരിക്കുന്നത്. അത്യാവശ്യം സ്വകാര്യ വാഹനങ്ങൾ മാത്രമേ നിരത്തുകളിലുളളൂ. എന്നാൽ കേരള സർക്കാരിൽ നിന്നും രേഖാമൂലമായി ആശങ്കകൾ അറിയിച്ചുകൊണ്ടുളള കത്തൊന്നും ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന സൂചന.
ദേശീയോദ്യാനങ്ങൾ, വന്യജീവിസങ്കേതങ്ങൾ എന്നിവയുടെ ഒരുകിലോമീറ്റർ പരിധി പരിസ്ഥിതി ലോല പ്രദേശമാക്കിയതിന് പിന്നാലെ ഇവിടെ ഖനന പ്രവർത്തനങ്ങൾ പാടില്ലെന്നും നിലവിൽ ഇവിടെ നടക്കുന്ന കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നുമായിരുന്നു സുപ്രീംകോടതി ഉത്തരവ്. വിവരം കേന്ദ്രത്തെ അറിയിക്കുമെന്നും നിയമപരമായി മുന്നോട്ട് പോകാനും ശ്രമിക്കുമെന്നാണ് സംസ്ഥാന സർക്കാർ ഉത്തരവിനോട് പ്രതികരിച്ചത്.