
ലോക കോടീശ്വരന്മാരായ ജെഫ് ബെസോസും(ആമസോൺ സ്ഥാപകൻ) മുകേഷ് അംബാനിയും(റിലയൻസ് ചെയർമാൻ) ഒരു ഏറ്റുമുട്ടലിനൊരുങ്ങുകയാണ്. 600 മില്യൺ കാഴ്ചക്കാരെ ആകർഷിക്കുന്ന, ഏകദേശം ആറ് ബില്യൺ ഡോളറിന്റെ ബ്രാൻഡ് മൂല്യമുള്ളതുമായ, ലോകത്തിൽ അതിവേഗം വളരുന്ന കായിക ഇനങ്ങളിലൊന്നായ ക്രിക്കറ്റിന്റെ മാദ്ധ്യമ അവകാശത്തിനുവേണ്ടിയാണ് പോരാട്ടം.
ജൂൺ 12 ന് നടക്കുന്ന ഐ പി എൽ ലേലത്തിൽ ശതകോടീശ്വരന്മാരുടെ കമ്പനികൾ പങ്കെടുക്കുന്നുണ്ട്. 7.7 ബില്യൺ ഡോളറിന്റെ ക്രിക്കറ്റ് അവകാശങ്ങൾക്കായി ജെഫ് ബെസോസും അംബാനിയും പോരാടുന്നത്.
കഴിഞ്ഞ സീസൺ വരെ അവകാശങ്ങൾ കൈവശം വച്ചിരുന്ന വാൾട്ട് ഡിസ്നി കമ്പനിയും സോണി ഗ്രൂപ്പ് കോർപ്പറേഷനുമാണ് പ്രധാന എതിരാളികൾ. അഞ്ച് വർഷത്തെ ഐ പി എൽ കാണിക്കാനുള്ള അവകാശങ്ങളാണ് വിജയികള്‍ നേടുക.
അര ഡസൻ ആഗോള സ്‌പോർട്സ് ഇനങ്ങൾക്കിടയിൽ നിന്ന് ഐപിഎല്ലിനെ തിരഞ്ഞെടുത്ത ആമസോൺ, ലേലം പിടിക്കാനുള്ള ദൃഢനിശ്ചയമെടുത്തുകഴിഞ്ഞെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. നാഷണല്‍ ഫുട്ബോള്‍ ലീഗ് ഓണ്‍ലൈനില്‍ കാണിക്കുന്നതിനുള്ള അവകാശങ്ങള്‍ക്കായി ആമസോണ്‍ പ്രതിവര്‍ഷം ഏകദേശം 100 കോടി ഡോളര്‍ ചെലവഴിക്കുന്നുണ്ട്.
റിലയൻസും രണ്ടും കൽപിച്ചാണ്. അറുപത്തിയഞ്ചുകാരനായ അംബാനി കഴിഞ്ഞ വർഷം പകുതി മുതൽ ഇതിനുള്ള നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ജോലിക്കായി പ്രഗൽഭരായ എക്സിക്യൂട്ടീവുകളെ കണ്ടെത്തി നിയമിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. റിലയൻസിന്റെ വാർ റൂമിൽ അംബാനിയുടെ മനസാക്ഷിസൂക്ഷിപ്പുകാരനായ മനോജ് മോദിയും മൂത്ത മകൻ ആകാശ് അംബാനിയും ഉൾപ്പെടുന്നു. ഫോക്‌സിന്റെയും പിന്നീട് ഡിസ്‌നിയുടെ ഇന്ത്യ- ഏഷ്യാ -പസഫിക് പ്രവർത്തനങ്ങളുടെയും മുൻ മേധാവി ഉദയ് ശങ്കറും ടീമിന് കരുത്ത് പകരും.
പ്രേക്ഷകരുടെ ബാഹുല്യമാണ് ലോക കോടീശ്വരന്മാരെ ഐ പി എല്ലിലേക്ക് ആകര്‍ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ സീസണിലെ ആദ്യ പാദത്തില്‍ മാത്രം 350 ദശലക്ഷം പേരാണ് ഐ പി എല്‍ കണ്ടത്.