
പ്രായമായവർ മാത്രമല്ല ഇന്ന് ചെറുപ്പക്കാരിലും കണ്ടുവരുന്ന ജീവിതശൈലീ രോഗങ്ങളാണ് ഡയബറ്റീസും കൊളസ്ട്രോളും. പതിവായുള്ള വ്യായാമവും ആഹാരനിയന്ത്രണവും മാത്രമാണ് ഇവ കൂടുതൽ മാരകമാകുന്നത് തടയാനുള്ള ഏകമാർഗം. ഇത്തരം രോഗങ്ങൾ കാരണം പലർക്കും തങ്ങളുടെ ഇഷ‌്ടഭക്ഷണങ്ങൾ ഉപേക്ഷിക്കേണ്ടതായി വരുന്നു. എന്നാൽ കഠിനമായ ഭക്ഷണനിയന്ത്രണങ്ങൾ ഇല്ലാതെതന്നെ ഒരൊറ്റ വിഭവം കഴിച്ചുക്കൊണ്ട് ഈ രണ്ട് രോഗങ്ങളും നിയന്ത്രണവിധേയമാക്കാവുന്നതാണ്. ഏതാണ് ആ മാന്ത്രിക ആഹാരമെന്ന് നോക്കാം.
ഡയബറ്റീസും കൊളസ്ട്രോളും എങ്ങനെ കുറയ്ക്കുന്നു
പലർക്കും അത്രയധികം പ്രിയങ്കരമല്ലാത്ത വിഭവമാണ് ഓട്‌സ് എങ്കിലും ഇവൻ നിസാരക്കാരനല്ല. ഡയബറ്റീസും കൊളസ്ട്രോളും മാത്രമല്ല അമിത വണ്ണം കുറയ്ക്കാനും ഓട്‌സ് സഹായിക്കും. ബീറ്റാ ഗ്ലൂക്കനാൽ സമ്പുഷ്ടമായ ഭക്ഷണമാണ് ഓട്‌സ്. ഭക്ഷണ നാരുകളുടെ മികച്ച ഉറവിടവും. ഇത് അടിസ്ഥാനപരമായി ഒരു ബയോ ആക്റ്റീവ് സംയുക്തമാണ്. ശരീരത്തിൽ ഭക്ഷണം കഴിച്ചതിന് ശേഷം രൂപപ്പെടുന്ന ഗ്ലൂക്കോസ് കുറയ്ക്കുന്നതിനും ശരീരത്തിലെ ഇൻസുലിൻ നിയന്ത്രിക്കുന്നതിനും ഓട്‌സ് സഹായിക്കുന്നു.
ഇത് ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുമെന്ന് മാത്രമല്ല അമിത വണ്ണം കുറയ്ക്കുന്നതിനും സഹായിക്കുന്നു. നാല് ആഴ്‌ച തുടർച്ചയായി ഓട്‌സ് കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. ഓട്‌സിലെ നാരുകൾ കൊളസ്ട്രോൾ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നത് കുറയ്ക്കുന്നു. ഇതിലൂടെ ഹൃദ്രോഗങ്ങൾക്കും സ്ട്രോക്കിനുമുള്ള സാധ്യത കുറയ്ക്കുന്നു.
എന്താണ് ഓട്‌സിൽ അടങ്ങിയിരിക്കുന്ന രഹസ്യം
എളുപ്പത്തിൽ ലയിക്കുന്ന നാരുകൾ അടങ്ങിയ ധാന്യമാണ് ഓടസ്. ഒരു കപ്പ് ഓട്‌സിൽ എട്ട് ഗ്രാം ഫൈബർ, 51 ഗ്രാം കാർബോഹൈഡ്രേറ്റ്, 13 ഗ്രാം പ്രോട്ടീൻ, അഞ്ച് ഗ്രാം കൊഴുപ്പ്, 300 ഗ്രാം കലോറി എന്നിവ അടങ്ങിയിരിക്കുന്നു.
ഓട്‌സ് വിഭവങ്ങൾ
ഓട്‌സ് പാലൊഴിച്ചു കഴിക്കുന്നത് എല്ലായ്പ്പോഴും ഇഷ്ടപ്പെടണമെന്നില്ല. പകരം പലതരത്തിലെ വിഭവങ്ങൾ ഉണ്ടാക്കുന്നത് പെട്ടെന്ന് മടുക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. ഓട്‌സ് പൊടിച്ച് പുട്ട്, ദോശ, ഉപ്പുമാവ്, ഇഡ്ഡലി എന്നിവ തയ്യാറാക്കാവുന്നതാണ്. ഇടയ്ക്കൊക്കെ പാലും മറ്റും ചേർത്ത് പായസം പോലെ തയ്യാറാക്കാം. പുതിയ പരീക്ഷണങ്ങളും ഓട്‌സ് പൊടിയിൽ നടത്താവുന്നതാണ്.