
ഒരു മനുഷ്യന്റെ ജീവിതത്തിൽ ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും മനോഹരമായ ബന്ധമാണ് സൗഹൃദം. പ്രത്യേകിച്ച് കുട്ടിക്കാലത്തെ സൗഹൃദം എന്നത് അതിമനോഹരമാണ്. അത്തരത്തിൽ രണ്ട് കുഞ്ഞുങ്ങളുടെ ഹൃദ്യമായ സൗഹൃദത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു കൊച്ചുകുട്ടി ഓട്ടിസം ബാധിച്ച തന്റെ ഉറ്റ സുഹൃത്തിന്റെ ചെവി കൈകൊണ്ട് മൂടിപ്പിടിക്കുന്നത് കാണാം. പുറത്തുള്ള ബുദ്ധിമുട്ടുണ്ടാക്കുന്ന ശബ്ദങ്ങളിൽ നിന്ന് തന്റെ കൂട്ടുകാരനെ സുരക്ഷിതനാക്കുകയാണ് ഈ കുഞ്ഞ്.
രണ്ട് കുട്ടികളും ബസിൽ യാത്ര ചെയ്യുകയാണ്. ജേസൺ എന്ന കുട്ടിയുടെ മടിയിൽ കിടക്കുകയാണ് ഓട്ടിസം ബാധിച്ച കുട്ടി. യാത്രയ്ക്കിടെ ഉണ്ടാകുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങൾ സുഹൃത്തിന് ശല്യമാകുമെന്ന് മനസിലായ ജേസൺ തന്റെ കുഞ്ഞുകൈ കൊണ്ട് കൂട്ടുകാരന്റെ ചെവി മൂടിപ്പിടിച്ച് സുരക്ഷിതമായി ഉറങ്ങാൻ സഹായിക്കുന്നു. ഓട്ടിസം ബാധിച്ച കുട്ടിയുടെ ആന്റിയായ കിം വേഗയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'സൗഹൃദത്തിന്റെ മനോഹരമായ നിമിഷങ്ങൾ കാണുന്നത് തന്നെ ഹൃദ്യവും ആനന്ദകരവുമാണ്' എന്നാണ് അവർ കുറിച്ചിരിക്കുന്നത്. ഹൃദയസ്പർശിയായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ‘നമുക്കെല്ലാവർക്കും ജീവിതത്തിൽ ഒരു ജേസൺ ആവശ്യമാണ്’, ‘എത്ര മനോഹരമായ സൗഹൃദം’ എന്നൊക്കെയാണ് വിഡിയോയ്ക്ക് പലരും കമന്റ് ചെയ്തിരിക്കുന്നത്.