
ചർമത്തിന് തിളക്കം കിട്ടാനായി മാർക്കറ്റിൽ കാണുന്ന ക്രീമുകളെല്ലാം വാങ്ങിക്കൂട്ടുന്ന നിരവധി പേരുണ്ട്. എന്നാൽ പലപ്പോഴും നിരാശയായിരിക്കും ഫലം. മാത്രമല്ല ചില സമയങ്ങളിൽ ഇത് പാർശ്വഫലങ്ങളുണ്ടാക്കുകയും ചെയ്യും. ചർമ സംരക്ഷണവും ആഹാരവും തമ്മിൽ വളരെയേറെ ബന്ധമുണ്ട്.
ഇപ്പോഴിതാ ചർമത്തിന് തിളക്കം കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാചക വിദഗ്ദ്ധയായ ലക്ഷ്മി നായർ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അവർ ബ്യൂട്ടി സീക്രട്ടുകൾ പങ്കുവച്ചിരിക്കുന്നത്.
'ചർമത്തിന് തിളക്കം കിട്ടാൻ സഹായിക്കുന്ന ഭക്ഷണ സാധനങ്ങൾ നമ്മുടെ പ്ലേറ്റിലുണ്ടാകണമെന്ന് ശ്രദ്ധിക്കണം. അത് എല്ലാ ദിവസത്തെയും ഭക്ഷണത്തിൽ ഉണ്ടാകണം. വില കൂടിയ ഭക്ഷണം തന്നെ കഴിക്കണമെന്നില്ല. ഉദാഹരണത്തിന് സ്‌ട്രോബറി കഴിക്കേണ്ട സ്ഥാനത്ത് നമ്മുടെ നാട്ടിൽ കിട്ടുന്ന സീസണൽ ഫ്രൂട്സ് എതെങ്കിലും കഴിച്ചാൽ മതിയല്ലോ. വൈറ്റമിൻ സി കിട്ടണമെങ്കിൽ എന്ത് കഴിക്കണമെന്ന് നമുക്കറിയാം.
ഒമേഗ 3 ഫാറ്റി അസിഡ്സ് വേണമെന്നുണ്ടെങ്കിൽ അത് കിട്ടുന്ന പല തരം മത്സ്യങ്ങളുണ്ട്. നമ്മുടെ മത്തിയാണെങ്കിലും അയലയാണെങ്കിലും മതി. ചർമം ഹെൽത്തിയാണെങ്കിൽ നമ്മളും ഹെൽത്തിയാണെന്നാണ് പറയാറ്. നമ്മൾ തിരഞ്ഞെടുക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും വൈറ്റമിൻസും ന്യൂട്രിയൻസുമൊക്കെ ഉണ്ടോയെന്ന് പരിശോധിക്കണം.
സൗന്ദര്യപരമായ കാര്യം നോക്കുമ്പോൾ ഏറ്റവും പ്രധാനമായിട്ടുള്ളത് വൈറ്റമിൻ സി, വൈറ്റമിൻ എ,വൈറ്റമിൻ ഇ, വൈറ്റമിൻ ഡിയുമാണ്. ഒമേഗ 3യും ഒമേഗ 6ഉം നല്ലതാണ്. അത് ഭക്ഷണത്തിലൂടെയാണ് കിട്ടേണ്ടത്. കഴിക്കുന്ന ഭക്ഷണത്തിൽ ആന്റി ഓക്സിഡന്റ്സ് ധാരാളം അടങ്ങിയിരിക്കണം. പ്രോട്ടീൻ ധാരാളം വേണം.
ഒരു ദിവസം ഒന്നോ രണ്ടോ തക്കാളി കഴിക്കുക. സൂപ്പായിട്ടോ ജ്യൂസായിട്ടോ എങ്ങനെയെങ്കിലും കഴിക്കുക. നാച്യുറലായിട്ടുള്ള സൺ സ്‌ക്രീനിന്റെ എഫക്ട് തരും. വാൾനട്ട്സും അവക്കാഡോയും നല്ലതാണ്.
തലേദിവസം വെള്ളത്തിലിട്ടുവെച്ച ബദാം രാവിലെ കഴിക്കുന്നത് ചർമത്തിന്റെ തിളക്കം കൂട്ടും. നാലോ അഞ്ചോ മതി. വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്. ദിവസം ഒരു കാരറ്റ് കഴിക്കുന്നത് നല്ലതാണ്. ഓറഞ്ചും നല്ലതാണ്.'- ലക്ഷ്മി നായർ പറഞ്ഞു.