chinese-fighter-

ബീജിംഗ് : ഇന്നലെ സെൻട്രൽ ഹുബെയ് പ്രവിശ്യയിൽ ചൈനീസ് വ്യോമസേനയുടെ ജെ 7 യുദ്ധവിമാനം തകർന്ന് വീണ സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജനവാസ മേഖലയിൽ തകർന്ന് വീണ വിമാനത്തിൽ നിന്നും പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടുവെങ്കിലും മൂന്ന് നിലക്കെട്ടിടം അപകടത്തിൽ തകരുകയും ഇവിടെ താമസിച്ചിരുന്ന ഒരാൾ മരണപ്പെടുകയുമായിരുന്നു. ഹുബെയ് പ്രവിശ്യയിലെ സിയാങ്യാങ്ങിൽ പരിശീലനത്തിനിടെയാണ് ജെ7 വിമാനം തകർന്നത്.

ലാഹോകൗ വിമാനത്താവളത്തിന് സമീപമുണ്ടായ ഈ അപകടത്തിന്റെ ദൃശ്യങ്ങൾ ചൈനീസ് സോഷ്യൽ മീഡിയയായ വെയ്‌ബോയിൽ നിരവധി പേർ പങ്കുവച്ചിരുന്നു. ലാഹോകൗ വിമാനത്താവളം ഇപ്പോൾ പ്രധാനമായും സൈനിക ആവശ്യങ്ങൾക്കായിട്ടാണ് ഉപയോഗിക്കുന്നത്. പൈലറ്റുമാരെ പരിശീലിപ്പിക്കുവാനുള്ള ചൈനീസ് വ്യോമസേനയുടെ പ്രധാന ഇടമാണ് ഇവിടം. 1989ൽ സിയാങ്യാങ്ങിലെ ലിയുജി വിമാനത്താവളം തുറന്നതിന് ശേഷമാണ് ലാഹോകൗ വിമാനത്താവളം സൈനിക ആവശ്യങ്ങൾക്കായി വിട്ടുനൽകിയത്.

⚡️ J-7 fighter jet crashed in China

A PLA Air Force Chengdu J-7 fighter jet crashed this morning in Hubei province. The plane crashed into a residential area after taking off from Xiangyang Airport for a training flight. pic.twitter.com/HZ4hHY1Mkh

— Flash (@Flash43191300) June 9, 2022

ജെ7 യുദ്ധവിമാനം

ചൈനയുടെ പക്കലുള്ള മിക്ക യുദ്ധവിമാനങ്ങളും മറ്റു രാജ്യങ്ങളിൽ നിന്നും സാങ്കേതിക വിദ്യകൾ കടംകൊണ്ട് ഉണ്ടാക്കിയതാണ്. പലതും റിവേഴ്സ് എഞ്ചിനീയറിംഗിലൂടെയാണ് രാജ്യം സ്വന്തമാക്കിയത്. അതിനാൽ തന്നെ ആയുധങ്ങളുടെ ഫലപ്രാപ്തി എത്രത്തോളമുണ്ടെന്നത് സംശയകരമാണ്. ഇന്നലെ അപകടത്തിൽ തകർന്ന ജെ 7 ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്ന സോവിയറ്റ് നിർമ്മിതമായ മിഗ്21 ജെറ്റുകളുമായി താരതമ്യപ്പെടുത്താവുന്നതാണ്. ചൈനയുടെ ചെങ്ഡു എയർക്രാഫ്റ്റ് കോർപ്പറേഷനാണ് ജെ7 സിംഗിൾ എഞ്ചിൻ യുദ്ധവിമാനം രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തത്. 1961 ൽ മിഗ്21 യുദ്ധവിമാനത്തിന്റെ സാങ്കേതികവിദ്യ കൈമാറാനായി ചൈനയും സോവിയറ്റ് യൂണിയനും കരാറിലെത്തിയിരുന്നു. എന്നാൽ താമസിയാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാൽ ഈ കരാർ നടപ്പിലായില്ല.

j7

മിഗ് 21 വിമാനത്തിനായി ഏറെ ആഗ്രഹിച്ച ചൈന ഇതോടെ മിഗ്21നെ അനുകരിച്ച് സ്വന്തമായി ഒരു ഭാരം കുറഞ്ഞ വിമാനം നിർമ്മിക്കാൻ തീരുമാനിച്ചു. റിവേഴ്സ് എൻജിനീയറിങ് വഴി മിഗ്21ന്റെ സ്വന്തം പതിപ്പ് നിർമ്മിക്കാൻ ചൈനയ്ക്ക് കഴിഞ്ഞു. 1964 മാർച്ചിൽ ടൈപ്പ് 62 എന്നറിയപ്പെട്ട വിമാനം പിന്നീട് ജെ7 (ജിയാൻ7) എന്ന് അറിയപ്പെട്ടു. ഈ വിമാനത്തിന്റെ കയറ്റുമതി വേരിയന്റിന എഫ് 7 എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇത്രയും പഴക്കമേറിയ വിമാനങ്ങൾ ഇപ്പോഴും സജീവമായി നിലനിർത്താൻ ചൈനയ്ക്ക് കഴിയുന്നുണ്ട്. വിമാനത്തിന് ആവശ്യമുള്ള എല്ലാ സ്‌പെയർ ഘടകങ്ങളും നിർമ്മിക്കുവാനായി ഒരു ഫാക്ടറി ചെയിൻ നിലനിർത്തയതിലൂടെയാണ് ഇത് സാദ്ധ്യമായത്. 1966 ജനുവരിയിൽ ആദ്യ പറക്കൽ നടത്തിയ വിമാനം 1967 ജൂണിലാണ് ചൈനീസ് വ്യോമസേനയുടെ ഭാഗമായത്. പിന്നീട് നിരവധി പ്രാവശ്യം വിമാനങ്ങളിൽ മാറ്റങ്ങൾ വരുത്തി സാങ്കേതികമായി പുനർനിർമ്മിച്ചു. ഇന്ത്യയുടെ അയൽരാജ്യങ്ങൾക്ക് അടക്കം പതിനേഴോളം രാജ്യങ്ങളിലേക്ക് വിമാനം കയറ്റുമതി ചെയ്ത് ചൈന പണം സമ്പാദിച്ചു.

2013ലാണ് ചൈന ഔദ്യോഗികമായി ജെ 7 വിമാനങ്ങളുടെ ഉദ്പാദനം നിർത്തിയത്. അവരുടെ കൈവശമുണ്ടായിരുന്ന 16 ജെ7 വിമാനങ്ങൾ ബംഗ്ലാദേശിന് കൈമാറി. ചൈന വിദേശ രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത വിമാനമെന്ന ഖ്യാതിയും ഈ കുഞ്ഞൻ വിമാനം സ്വന്തമാക്കി. ഇന്ത്യൻ അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, മ്യാൻമർ എന്നിവയുൾപ്പെടെ 17ലധികം രാജ്യങ്ങൾ ജെ7 ഉപയോഗിക്കുന്നു. ചൈന ഇപ്പോൾ ജെ7 വിമാനങ്ങൾ ടാർഗെറ്റ് ഡ്രോണുകളായി പരിവർത്തനം ചെയ്യുന്നതായും അടുത്തിടെ റിപ്പോർട്ടുണ്ടായിരുന്നു. ഇപ്പോൾ ഈ വിമാനം ഉപയോഗിക്കുന്നവരിൽ കൂടുതലും ആഫ്രിക്കൻ രാജ്യങ്ങളാണ്.

j7

തുടർച്ചയായ അപകടങ്ങൾ
ചൈനീസ് യുദ്ധവിമാനങ്ങൾ തകർന്നുവീഴുന്നത് തുടർക്കഥയാവുകയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി രാജ്യങ്ങളിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്ന ചൈന ഇത്തരം അപകടങ്ങളിൽ പലതും പുറംലോകം അറിയാതെ ഒളിപ്പിക്കുകയാണ് പതിവ്. കടുത്ത മാദ്ധ്യമ നിയന്ത്രണമുള്ളതിനാൽ അപൂർവമായേ ഇത്തരം അപകടങ്ങൾ പുറം ലോകം അറിയുകയുള്ളു. 2015ലും 2020ലും ചൈനയുടെ യുദ്ധവിമാനങ്ങൾ തകർന്ന സംഭവങ്ങൾ പുറത്തായിരുന്നു.


ഈ വർഷം മാർച്ചിന് ശേഷം ചൈനയിലുണ്ടായ മൂന്നാമത്തെ വിമാനാപകടമാണ് വ്യാഴാഴ്ചത്തേത്. കഴിഞ്ഞ മാസം ചൈനയിലെ തെക്കുപടിഞ്ഞാറൻ ചോങ്കിംഗ് നഗരത്തിൽ ടിബറ്റ് എയർലൈൻസിന്റെ 122 യാത്രക്കാരുമായി പോയ യാത്രാവിമാനം ചോങ്കിംഗ് നഗരത്തിൽ ടേക്ക് ഓഫിനിടെ റൺവേയിൽ നിന്ന് തെന്നി തീപിടിച്ച് 40 പേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ മാർച്ച് 12 ന് ഈസ്റ്റേൺ എയർലൈൻസിന്റെ ഒരു വിമാനം തെക്കൻ ഗുവാങ്സി ഷുവാങ് മേഖലയിലെ പർവത പ്രദേശത്ത് തകർന്നുവീണ് വിമാനത്തിലെ 132 യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു.