
പാലക്കാട്: സ്വർണക്കടത്തിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയ സ്വപ്‌ന സുരേഷിന് സുരക്ഷ ശക്തമാക്കി പൊലീസ്. സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്‌നയുടെ ഫ്ളാറ്റിൽ 24 മണിക്കൂർ പൊലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്. ജീവന് ഭീഷണിയുളളതായി കാണിച്ച് സ്വപ്‌ന ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് പൊലീസ് സ്വപ്‌നയുടെ വീട്ടിലും ഓഫീസിലും സുരക്ഷ ശക്തമാക്കി.
മുഖ്യമന്ത്രിയ്‌ക്ക് വേണ്ടി ഇടനിലക്കാരനായെത്തിയെന്ന് സ്വപ്‌ന ആരോപിക്കുന്ന കൊട്ടാരക്കര സ്വദേശിയായ ഷാജ് കിരണുമായുളള സംഭാഷണത്തിന്റെ ശബ്‌ദരേഖ ഇന്ന് മൂന്ന് മണിയ്‌ക്ക് പുറത്തുവിടുമെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ അറിയിച്ചിരുന്നു. കെ.ടി ജലീലിന്റെ പരാതിയിലെ കേസ് പിൻവലിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി നൽകാനൊരുങ്ങുകയാണ് സ്വപ്‌ന.
സ്വപ്‌നയുടെ ഓഫീസിൽ സിസിടിവി ക്യാമറ സ്ഥാപിക്കാനുളള ഒരുക്കം നടക്കുകയാണ്. ജീവന് ഭീഷണിയുളളതിനാലാണ് ശേഖരിച്ച തെളിവുകൾ പുറത്തുവിടുന്നതെന്നും സ്വപ്‌ന വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിയെയോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെയോ അറിയില്ലെന്ന് ഷാജ് കിരൺ പറഞ്ഞിരുന്നു.