
ടൊവിനോ തോമസിനെ നായകനാക്കി നടൻ വിനീത് കുമാർ സംവിധാനം ചെയ്‌ത ചിത്രമാണ് 'ഡിയർ ഫ്രണ്ട്'. ഫഹദ് ഫാസിലിനെ നായകനാക്കിയൊരുക്കിയ 'അയാൾ ഞാനല്ല' എന്ന ആദ്യ ചിത്രം റിലീസായി ഏഴുവർഷങ്ങൾക്ക് ശേഷമാണ് സംവിധായകന്റെ മറ്റൊരു ചിത്രം പുറത്തിറങ്ങുന്നത്.
ബംഗളൂരുവിൽ താമസിക്കുന്ന അഞ്ചു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ടൊവിനോയെക്കൂടാതെ ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ്, 'തന്മാത്ര'യിലൂടെ അരങ്ങേറ്റം കുറിച്ച അർജുൻ ലാൽ, 'പട'യിലൂടെ ശ്രദ്ധ നേടിയ അർജുൻ രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, രേഖ എന്നിവരും ചിത്രത്തിൽ എത്തുന്നു.

പഠിത്തമൊക്കെ കഴിഞ്ഞ് സ്വന്തമായി ഒരു ബിസിനസ് എന്ന ലക്ഷ്യത്തിലേക്ക് ചുവടുവയ്ക്കുന്ന സുഹൃത്തുക്കളുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. സൗഹൃദത്തിലെ ഇണക്കങ്ങളും ആഘോഷങ്ങളും പിണക്കങ്ങളുമായി മുന്നോട്ട് പോകുന്ന ആദ്യ പകുതിയാണ് ചിത്രത്തിന്റെത്. സ്ലോ പേസിൽ മുന്നോട്ട് പോകുന്ന ആദ്യ പകുതി ഒരു ഫീൽ ഗുഡ് ഡ്രാമയുടെ പ്രതീതി നൽകുന്നുവെങ്കിലും രണ്ടാം പകുതിയെത്തുമ്പോൾ ഒരു ത്രില്ലർ സ്വഭാവം ചിത്രം കെെവരിക്കുന്നുണ്ട്. എന്നാൽ ക്ലെെമാക്‌സിനോട് അടുക്കുമ്പോൾ കഥ പറച്ചിലിലെ ഇഴച്ചിൽ തിരിച്ചടിയാകുന്നുണ്ട്. ഒരു പരീക്ഷണമെന്ന നിലയിൽ ചിത്രം അവസാനിക്കുമ്പോൾ പ്രേക്ഷകന്റെയുള്ളിൽ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്.
പതിവ് ശെെലിയിൽ നിന്ന് മാറിയൊരു കഥാപാത്രത്തെയാണ് ടൊവിനോ ഡിയർ ഫ്രണ്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. വിനോദ് എന്ന കഥാപാത്രത്തെ താരം ഭദ്രമാക്കി. ടൊവിനോയുടെ വൺ മാൻ ഷോ അല്ല ചിത്രം. വിനോദിന്റെ കൂട്ടുകാരായി എത്തുന്ന കഥാപാത്രങ്ങൾക്കും ചിത്രത്തിൽ തുല്യപ്രാധാന്യം സംവിധായകൻ നൽകിയിട്ടുണ്ട്.

ചിലയിടങ്ങളിലൊക്കെ തിരക്കഥയിൽ പോരായ്‌മകൾ അനുഭവപ്പെട്ടെങ്കിലും സാങ്കേതികപരമായി ചിത്രം മികവ് പുലർത്തി. ഷറഫ്, സുഹാസ് എന്നിവരോടൊപ്പം അർജുൻ ലാലും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ്. ജസ്‌റ്റിൻ വർഗീസാണ് സംഗീതം. ദീപു ജോസഫാണ് എഡിറ്റിംഗ്.
ബംഗളൂരു, മുംബെയ്, കൊച്ചി എന്നിവിടങ്ങളിൽ ചിത്രീകരിച്ച ചിത്രം ഹാപ്പി അവേഴ്‌സ് എന്റർടെയ്‌ൻമെന്റ്‌സിന്റെയും ആഷിഖ് ഉസ്‌മാൻ പ്രൊഡക്‌ഷൻസിന്റെയും ബാനറിൽ ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിഖ് ഉസ്‌മാൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
എല്ലാത്തരം പ്രേക്ഷകരെയും പൂർണമായി തൃപ്‌തിപ്പെടുത്തുന്ന ചിത്രമല്ല 'ഡിയർ ഫ്രണ്ട്'. സ്ലോ പേസിലുള്ള ഫീൽ ഗുഡ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് അമിത പ്രതീക്ഷയില്ലാതെ ഈ കൊച്ചുചിത്രത്തെ സമീപിക്കാം.
