
മണ്ണാർക്കാട്: അട്ടപ്പാടിയിലെ മധു വധക്കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യം. ഫലപ്രദമായ രീതിയിൽ കേസ് വാദിക്കാൻ പ്രോസിക്യൂട്ടർ രാജേന്ദ്രന് കഴിയുന്നില്ലെന്ന് കാട്ടി മധുവിന്റെ അമ്മയും സഹോദരിയുമാണ് മണ്ണാർക്കാട് കോടതിയിൽ ഹർജി നൽകിയത്. എന്നാൽ സർക്കാർ നിയമിച്ച പ്രോസിക്യൂട്ടറെ മാറ്റാൻ അധികാരമില്ലെന്ന് കാട്ടി കോടതി ഹർജി തള്ളി.
പുതിയ പ്രോസിക്യൂട്ടർ വരുന്നത് വരെ വിചാരണ നടപടികൾ നിർത്തിവയ്ക്കണം. നിലവിലെ പബ്ലിക് പ്രോസിക്യൂട്ടർ ആർ രാജേന്ദ്രനെ മാറ്റി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് മേനോന് ചുമതല നൽകണം. തുടങ്ങിയ ആവശ്യങ്ങളാണ് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കോടതിയിൽ രേഖാമൂലം നൽകിയ ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്. രണ്ട് പ്രധാന സാക്ഷികളുടെ കൂറുമാറ്റത്തിനൊപ്പം കൃത്യമായ തെളിവുകൾ കോടതിയെ വേണ്ട രീതിയിൽ ധരിപ്പിക്കാൻ പ്രോസിക്യൂഷന് കഴിയുന്നില്ലെന്നുമാണ് പ്രധാന വിമർശനം.