
വനിതാ ക്രിക്കറ്റെന്നാൽ ഇന്ത്യയിൽ വട്ടപൂജ്യമായിരുന്ന കാലത്താണ് മിഥാലി രാജ് പത്ത് വയസുവരെ പഠിച്ച ഭരതനാട്യം ഉപേക്ഷിച്ച് ബാറ്റ് കൈയിൽ എടുക്കാൻ തീരുമാനിക്കുന്നത്. നർത്തകരെ ഓർമ്മിപ്പിക്കുന്ന സുന്ദരചുവടുകളുമായി ക്രീസിൽ നടനമാടിയ  മിഥാലി 1997ൽ തന്റെ 14–ാം വയസിൽ ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമിലെത്തി. എന്നാൽ ഫൈനൽ സ്‌ക്വാഡിൽ ഉൾപ്പെട്ടില്ല. 1999ൽ വീണ്ടും ടീമിലിടം നേടിയശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടുമില്ല.
മിഥാലിക്കൊപ്പം രാജ്യത്ത് വനിതാ ക്രിക്കറ്റും വളരുകയായിരുന്നു. സൂപ്പർ സ്റ്റാർ, മുന്നിൽ നിന്ന് നയിക്കുന്ന ക്യാപ്ടൻ, പിൻതലമുറയെ പ്രചോദിപ്പിക്കുന്ന വലിയ മാതൃക. 23 വർഷങ്ങൾക്കിപ്പുറം മിഥാലി പാഡഴിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിലെ മാഹാറാണിയായാണ്. 39 വയസുവരെ നീണ്ട കരിയറിൽ അവർ കുറിച്ച നേട്ടങ്ങളും പിന്നിട്ട നാഴികക്കല്ലുകളും സമാനതകൾ ഇല്ലാത്തതാണ്.
ലോകത്തെ ഏറ്റവും മികച്ച വനിതാ ക്രിക്കറ്റ് താരങ്ങൾക്കായുള്ള ഇരിപ്പിടങ്ങളിൽ മുൻനിരയിൽ തന്നെയാണ് മിഥാലിയുടെ സ്ഥാനം. പുരുഷ ക്രിക്കറ്റിലെ ബിംബങ്ങൾ പലകാലഘട്ടങ്ങളിലും മാറി വന്നപ്പോൾ രണ്ട് ദശകത്തോളം ഇന്ത്യൻ വനിതാ ക്രിക്കറ്റ് രംഗത്ത് ഒരേയൊരു രാഞ്ജിയേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ തന്നെ മിഥാലി മൈതാനം വിടുമ്പോൾ അതൊരു യുഗത്തിന്റെ അവസാനമാണ്.
1999ൽ തന്റെ 16-ാം വയസിൽ അയർലൻഡിനെതിരെ മിൽട്ടൺ കെയ്ൽസിൽ നടന്ന അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറിയോടെയാണ് അന്താരാഷ്ട്ര തലത്തിൽ മിഥാലി ഹരിശ്രീ കുറിച്ചത്. പുറത്താകാതെ 114 റൺസാണ് അന്ന് മിഥാലി നേടിയത്.
നെടുംതൂൺ
പ്രതിസന്ധി ഘട്ടത്തിലും അനായാസം ബാറ്റ് ചെയ്യാൻ കഴിയുമെന്നതാണ് മിഥാലിയുടെ ഏറ്റവും വലിയ പ്രത്യേകത. എത്രസസമ്മർദ്ദ ഘട്ടമാണെങ്കിലും ചുറ്റും നടക്കുന്നതൊന്നും മിഥാലിയുടെ ബാറ്റിംഗിനെ ബാധിക്കാറേയില്ല. ഇന്ത്യൻ ബാറ്റിംഗ് നിര അത്ര ശക്തമല്ലാതിരുന്ന കാലത്തും പലപ്പോഴും പ്രതിസന്ധി ഘട്ടങ്ങളിലും ഇന്ത്യയെ കാത്തത് പാറപോലെ ഉറച്ചു നിന്ന മിഥാലിയായിരുന്നു.
സാങ്കേതിക മികവ്
മനക്കരുത്തും സാങ്കേതിക മികവും ഉള്ള ബാറ്ററാണ് മിഥാലി. എന്നാൽ ശക്തിയേറിയ ഷോട്ടുകളിലും വമ്പനടികളിലും അത്ര നിപുണയും അല്ലായിരുന്നു. പക്ഷേ പാദങ്ങളുടേയും കൈകളുടേയും സ്ഥാനം കിറുകൃത്യമായിരുന്നു. അതിനാൽ തന്നെ അനായാസം ബാറ്റ് ചെയ്യാൻ താരത്തിന് കഴിഞ്ഞു. മികച്ച ഫുർട്ട്‌വർക്കുള്ളതിനാൽ പന്തിനെ ഏതിടത്തേക്കും തിരിച്ചു വിടാനാനുള്ള താരത്തിന്റെ കഴിവും ക്രിക്കറ്റ് പ്രേമികളെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു.
വനിതാ ക്രിക്കറ്റിന്റെ മുഖം
ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ മുഖമാണ് മിഥാലി. ആറ് വനിതാ ലോകകപ്പുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. ഇപ്പോഴത്തെ സൂപ്പർ താരങ്ങൾ ഉൾപ്പെടെ നിരവധി പെൺകുട്ടികൾക്ക് ക്രിക്കറ്റിലേക്ക് വരാനുള്ള പ്രചോദനം കൂടിയാണ് താരം. ഇന്ത്യയുടെ പുരുഷ-വനിതാ താരങ്ങളിൽ രണ്ട് ഏകദിന ലോകകപ്പ് ഫൈനലുകളിൽ രാജ്യത്തെ നയിച്ച ഒരേ ഒരുതാരമാണ് മിഥാലി.