
ഭോപ്പാൽ: ആശുപത്രി അധികൃതർ ആംബുലൻസ് അനുവദിക്കാത്തതിനെ തുടർന്ന് പിതാവ് നാലുവയസുകാരിയുടെ മൃതദേഹം തോളിൽ ചുമന്ന് ഗ്രാമത്തിലേക്ക് നടന്നു. മദ്ധ്യപ്രദേശിലെ ഛത്തർപൂരിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മദ്ധ്യപ്രദേശ് സർക്കാരിനെതിരെ പ്രതിഷേധം ഉയർന്നു.
അസുഖം ബാധിച്ച് അബോധാവസ്ഥയിലായ കുട്ടിയെ തിങ്കളാഴ്ചയാണ് ദാമോയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അന്നുതന്നെ മരിച്ചു. മൃതദേഹം വീട്ടിലെത്തിക്കാൻ ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് പിതാവ് ലക്ഷ്‌മൺ അഹിർവാർ പറഞ്ഞു. തുടർന്ന് കുട്ടിയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് രഹസ്യമായി ബസിൽ കയറ്റി. ബക്‌സ്വാഹയിലെത്തിച്ച മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ വാഹനം നൽകണമെന്ന് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അവരും നിരസിച്ചു. അതോടെ മകളുടെ മൃതദേഹം തോളിലേറ്റി അഞ്ചു കി.മീ ദൂരം പിതാവ് നടന്നു.
എന്നാൽ, ജില്ലാ ആശുപത്രി സിവിൽ സർജൻ ഡോ. മംമ്ത തിമോരി പിതാവിന്റെ ആരോപണങ്ങൾ നിഷേധിച്ചു.