ചാർളി 777 സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളാണ് നായക്കുട്ടി. കക്ഷിയ്‌ക്കൊപ്പമുള്ള പാരാഗ്ലൈഡിംഗ് അല്പം ബുദ്ധിമുട്ടായിരുന്നുവെന്ന് ചിത്രത്തിലെ നായകൻ രക്ഷിത് ഷെട്ടി പറയുന്നു. അഞ്ചുഭാഷകളിലാണ് ചിത്രം ഇന്ന് തീയേറ്ററിലെത്തിയത്. സിനിമയിലെ ഏറെ സാഹസികമായിട്ടുള്ള സീനുകളെ കുറിച്ചും ചാർളിയിക്കൊപ്പമുള്ള രസകരമായ അനുഭവങ്ങളെ കുറിച്ചും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സംസാരിക്കുന്നു.
'ചാർളിയാണ് ഇതിലെ സൂപ്പർസ്റ്റാർ. ചാർളിയെ കൊണ്ട് എന്ത് ചെയ്യിക്കണമെങ്കിലും ഫുഡ് കാണിച്ച് പറ്റിച്ചാൽ മതി. നമ്മുടെ കൂടെ ചാർളിയെയും ആക്ട് ചെയ്യിപ്പിക്കുക എന്നതായിരുന്നു ശരിക്കുള്ള ചാലഞ്ച്. എന്റെ മുഖത്ത് നോക്കേണ്ട സമയത്തൊക്കെ ചാർളിയുടെ ബിസ്കറ്റ് ഞാൻ എന്റെ വായിൽ ഒളിപ്പിക്കും. ഫുഡ് കണ്ടാൽ ആള് ഹാപ്പിയാകും. അങ്ങനെയൊക്കെയാണ് കക്ഷിയെ അഭിനയിപ്പിച്ചത്.
പാരാഗ്ലൈഡിംഗ് നടത്തുന്ന കുറച്ച് സീനുകളുണ്ട്. നല്ലതുപോലെ പേടിച്ചാണ് അത് ചെയ്‌തിരിക്കുന്നത്. ആദ്യമായിട്ടാണ് ഞാൻ പാരാഗ്ലൈഡിംഗ് ചെയ്യുന്നത്. മികച്ച ഒരു പാരാഗ്ലൈഡറെ ട്രെയിനറായി കിട്ടിയതായിരുന്നു ഒരു ധൈര്യം. പക്ഷേ, ഷൂട്ട് തുടങ്ങുമ്പോൾ ട്രെയിനർ ഉണ്ടാകില്ല. ചാർളിയെയും വച്ചാണ് പാരാഗ്ലൈഡ് ചെയ്യേണ്ടത്. മുന്നിൽ ക്യാമറയുണ്ട്. എങ്ങോട്ടേക്കാണ് തിരിക്കേണ്ടതെന്ന് അറിയില്ല. ആരും കൂടെയില്ല. നല്ലതുപോലെ പേടിച്ചു. ചാർളിയെയും കൊണ്ട് പാരാഗ്ലൈഡ് ചെയ്യുക ഒട്ടും എളുപ്പമായിരുന്നില്ല.
പാൻ ഇന്ത്യ താരമെന്നതൊന്നും എന്നെ അത്ഭുതപ്പെടുത്തുന്നില്ല. ഈ സിനിമ ചെയ്യാനായി എന്നതാണ് വലിയ കാര്യം. താരപദവിയൊന്നും ആഘോഷിക്കുന്ന ഒരാളല്ല ഞാൻ. ജൂൺ മാസത്തിൽ ചിത്രം റിലീസ് ചെയ്തത് സന്തോഷമുള്ള കാര്യമാണ്. ഇതെന്റെ ബർത്ത്‌ഡേ വീക്കാണ്. ആദ്യമായിട്ടാണ് എന്റെ സിനിമ ജൂണിൽ റിലീസ് ചെയ്യുന്നത്. '
