
തിരുവനന്തപുരം: സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും കേരള സർവകലാശാല മുൻ ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറും പ്രശസ്ത കായിക അദ്ധ്യാപകനുമായിരുന്ന പത്രോസ് പി.മത്തായി (87) അന്തരിച്ചു. 1982ലെ ഡൽഹി ഏഷ്യൻ ഗെയിംസിന്റെയും 1987ൽ കേരളം ആദ്യമായി ആതിഥ്യം വഹിച്ച ദേശീയ ഗെയിംസിന്റെയും സംഘാടകസമിതിയിലെ പ്രധാനിയായിരുന്നു.
സ്കൂൾ,കോളേജ് തലങ്ങളിൽ ബാസ്കറ്റ് ബാൾ,വോളിബാൾ താരമായിരുന്ന പത്രോസ് പി. മത്തായി ഗ്വാളിയോർ ലക്ഷ്മിഭായി നാഷണൽ കോളേജ് ഒഫ് ഫിസിക്കൽ എഡ്യുക്കേഷനിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായിരുന്നു. ജർമ്മനിയിൽ നിന്ന് ഫിസിക്കൽ എഡ്യൂക്കേഷനിൽ ഉന്നതപഠനം പൂർത്തിയാക്കിയശേഷം ഗ്വാളിയർ എൽ.എൻ.സി. പി.ഇ, കേരള കാർഷിക സർവകലാശാല എന്നിവിടങ്ങളിൽ ലക്ചററായി കായിക അദ്ധ്യാപകനായി. പിന്നീട് ചെന്നൈ വൈ.എം.സി.എ കോളേജ് ഓഫ് എഡ്യുക്കേഷനിലെ പ്രിൻസിപ്പലായി. കേരള സർവകലാശാലയിലെ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം ഡയറക്ടറും ഡീനുമായിരുന്നു. ഇതിനിടെയാണ് സായ്‌യിൽ ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ചത്. വിരമിച്ചശേഷവും കായികസംഘാടനരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു.
പത്തനംതിട്ട സ്വദേശിയാണ്. തിരുവനന്തപുരം നന്തൻകോട്ടാണ് താമസിച്ചിരുന്നത്. ഭാര്യ: അച്ചാമ്മ മത്തായി. മക്കൾ: വിനു പത്രോസ് മത്തായി (സ്ഥാപക ഡയറക്ടർ,ഗോ കൺസൾട്ടിംഗ്), പ്രിയ തോമസ്. മരുമക്കൾ : ഷീല മത്തായി (ഡയറക്ടർ,ഗ്രാജ്വേറ്റ് ഓവർസീസ്),മോട്ടി ജോൺ തോമസ് (ഐ.ബി.എം). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പാറ്റൂർ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ .