
കൊച്ചി: കൊവിഡും ചിപ്പ് ക്ഷാമവും അസംസ്കൃതവസ്തുക്കളുടെ വിലക്കയറ്റവും മൂലം മുൻമാസങ്ങളിൽ തളർന്ന ആഭ്യന്തര മൊത്ത വാഹനവിപണി മേയിൽ വൻ നേട്ടത്തിലേക്ക് കുതിച്ചുകയറി. എല്ലാ വാഹനശ്രേണികളിലുമായി ഫാക്‌ടറികളിൽ നിന്ന് ഡീലർഷിപ്പുകളിലേക്കുള്ള വില്പന കഴിഞ്ഞമാസം 245 ശതമാനം വർദ്ധിച്ച് 15.32 ലക്ഷം യൂണിറ്റുകളിലെത്തിയെന്ന് സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം) വ്യക്തമാക്കി.
2021 മേയിൽ വില്പന 4.44 ലക്ഷം യൂണിറ്റുകളായിരുന്നു. പാസഞ്ചർ വാഹന (കാർ, എസ്.യു.വി., വാൻ) മൊത്തവില്പന 88,045 യൂണിറ്റുകളിൽ നിന്ന് 185 ശതമാനം മുന്നേറി 2.51 ലക്ഷം യൂണിറ്റുകളിലെത്തി. ടൂവീലർ വില്പന 253 ശതമാനം വർദ്ധിച്ച് 12.53 ലക്ഷം യൂണിറ്റുകളായി. 1,262 യൂണിറ്റുകളിൽ നിന്ന് 3-വീലർ വില്പന കുതിച്ചത് 28,542 യൂണിറ്റുകളിലേക്ക്.
നേട്ടത്തിന്റെ ട്രാക്ക്
കൊവിഡിന് മുമ്പത്തേക്കാൾ മികച്ച വില്പനയാണ് ഇക്കുറി മേയിൽ പാസഞ്ചർ വാഹനശ്രേണി കാഴ്‌ചവച്ചത്. കണക്കുകൾ:
 2022 മേയ് : 2.51 ലക്ഷം
 2021 മേയ് : 88,045
 2020 മേയ് : 33,546
 2019 മേയ് : 2.26 ലക്ഷം
''പാസഞ്ചർ ശ്രേണി നേട്ടത്തിലേറിയെങ്കിലും 2, 3-വീലർ വില്പന ഇപ്പോഴും 9-14 വർഷത്തെ ഏറ്റവും കുറഞ്ഞതലത്തിൽ തുടരുന്നു. റിപ്പോനിരക്ക്, തേർഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയം വർദ്ധനകൾ വരുംമാസങ്ങളിൽ പ്രതിസന്ധിയായേക്കും""
രാജേഷ് മേനോൻ,
ഡയറക്‌ടർ ജനറൽ, സിയാം