swapna-suresh

പാലക്കാട്: തന്റെ അശ്ളീല വീഡിയോയെക്കുറിച്ച് ഷാജ് കിരൺ മാദ്ധ്യമങ്ങളോട് പറഞ്ഞതിൽ പ്രതികരണവുമായി സ്വ‌പ്‌ന സുരേഷ്. നിയമനടപടി സ്വീകരിക്കുമെന്നും അത്തരമൊരു വീഡിയോ ഉണ്ടെങ്കിൽ എല്ലാവരും അത് കാണണമെന്നും ശരിയാണോ എന്നന്വേഷിക്കണമെന്നും സ്വപ്‌ന മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിടും മുൻപാണ് സ്വപ്ന ഇക്കാര്യം വ്യക്തമാക്കിയത്.

'മാദ്ധ്യമപ്രവർത്തകരോട് എന്റെ സെക്‌സ് വീഡിയോയെക്കുറിച്ച് പറഞ്ഞു. ഒരു സ്ത്രീയെ, അമ്മയെ, സഹോദരിയെ ഏറ്റവും കൂടുതൽ ആക്രമിക്കാൻ സാധിക്കുന്നത് അവരുടെ സ്വകാര്യ കാര്യങ്ങൾ പുറത്തു പറഞ്ഞുകൊണ്ടാണ്. എന്റെ ബെഡ്‌റൂമിലോ, ബാത്ത്‌റൂമിലോ, ഡ്രസിംഗ് റൂമിലോ മറ്റ് എവിടെയെങ്കിലുമോ ഹിഡൻ ക്യാമറ വച്ചിട്ടുണ്ടോയെന്ന് എനിക്കറിയില്ല. അങ്ങനെ ഉണ്ടെങ്കിൽ ഞാൻ നിയമനടപടി സ്വീകരിക്കും. അങ്ങനെ വീ‌‌ഡിയോ ഉണ്ടെങ്കിൽ നിങ്ങൾ എല്ലാവരും അത് കാണണം. കണ്ടതിന് ശേഷം നൂറ് ശതമാനം ശരിയാണോയെന്ന് അന്വേഷിക്കണം. നിങ്ങളുടെ ഒരു സഹോദരിക്കാണ് ഈ അവസ്ഥ വന്നിരിക്കുന്നതെന്ന് ചിന്തിക്കണം. അത് ആസ്വദിക്കരുത്. മറിച്ച് നിങ്ങളുടെ സഹോദരിയായി കണ്ട് എന്നെ രക്ഷപ്പെ‌ടുത്തുകയാണ് വേണ്ടത്. അതല്ലാതെ സത്യം പുറത്തുവരില്ല'; സ്വപ്ന സുരേഷ് പറഞ്ഞു.

ഷാജ് കിരണിനെ വർഷങ്ങൾക്ക് മുൻപ്‌തന്നെ അറിയാമെന്ന് സ്വ‌പ്‌ന സുരേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എം.ശിവശങ്കറിന്റെ പുസ്‌തകം പുറത്തുവന്ന ശേഷമാണ് പരിചയം പുതുക്കിയത്. മജിസ്‌ട്രേറ്റിന് മൊഴി നൽകിയ ശേഷം ഷാജുമായി താൻ കണ്ടിരുന്നു. സരിത്തും ഒപ്പമുണ്ടായിരുന്നു. അന്ന് ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന സുരേഷ് പറഞ്ഞു. 'കളിച്ചിരിക്കുന്നത് ആരോടാണെന്നറിയാമോ? നാളെ സരിത്തിനെ പൊക്കും, അദ്ദേഹത്തിന്റെ (മുഖ്യമന്ത്രിയുടെ) മകളെക്കുറിച്ച് പറഞ്ഞാൽ സഹിക്കില്ല.' എന്നാണ് ഷാജ് പറഞ്ഞതെന്ന് സ്വപ്‌ന വ്യക്തമാക്കി. ഷാജ് കിരണുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹവുമായി സംസാരിക്കാനുള്ള കാരണവും വ്യക്തമാക്കുന്നതിനായാണ് സ്വപ്ന വാർത്താസമ്മേളനം നടത്തിയത്.