
തിരുവനന്തപുരം: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയ്‌ക്കെതിരായ ആരോപണങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. വിഷയത്തിൽ മുഖ്യമന്ത്രിയ്‌ക്ക് രാഷ്‌ട്രീയ പ്രതിരോധം തീർക്കാനും സ്വപ്‌നയുടെ ആരോപണങ്ങൾക്ക് പിന്നിൽ പ്രതിപക്ഷവും ബിജെപിയുമാണെന്ന് തുറന്നുകാട്ടാനും രാഷ്‌ട്രീയ വിശദീകരണ യോഗം വിളിച്ചു ചേർക്കാനാണ് പാർട്ടി തീരുമാനം.
സ്വപ്‌നയുടെ ആരോപണത്തിന് പിന്നിൽ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് പാർട്ടിയും മുന്നണിയും കരുതുന്നു. കോൺഗ്രസും ബിജെപിയും ഇതിന് പിന്നിലുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. അതിനാൽ വിശദീകരണയോഗങ്ങളിൽ പാർട്ടിയുടെ പ്രധാന നേതാക്കൾതന്നെ വിഷയം ജനങ്ങളോട് വിവരിക്കും. മുൻപ് തിരഞ്ഞെടുപ്പിന് മുൻപായിരുന്നു സ്വർണക്കടത്ത്, ഡോളർ കടത്ത് വിഷയങ്ങൾ സംസ്ഥാനത്ത് കോളിളക്കം സൃഷ്‌ടിച്ചത്. അന്നത്തേതിലും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുളളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്ര് വിലയിരുത്തുന്നു.