sr-srinivas

ബംഗളൂരു: കർണാടകയിലെ രാജ്യസഭ തിരഞ്ഞെടുപ്പിൽ ജനതാദൾ സെക്യൂലറിന്റെ രണ്ട് എംഎൽഎമാർ വോട്ട് ചെയ്തത് കോൺഗ്രസിന് എന്ന് സംശയം. ഇതിൽ ഒരു എം.എൽ.എ താൻ വോട്ട് ചെയ്തത് കോൺഗ്രസിന് വേണ്ടിയാണെന്ന പുറത്ത് വന്ന് മാദ്ധ്യമപ്രവർത്തകരോട് പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തതോടെ സംഭവം വിവാദമായി. കോളാർ നിയോജകമണ്ഡലത്തിലെ ജെഡിഎസ് എംഎൽഎ ശ്രീനിവാസ് ഗൗഡയാണ് താൻ വോട്ട് ചെയ്തത് കോൺഗ്രസിനാണെന്ന് വെളിപ്പെടുത്തിയത്.

മറ്റൊരു ജെ ഡി എസ് എം എൽ എയായ എസ് ആർ ശ്രീനിവാസ് ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തിയില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്നത് ഓപ്പൺ ബാലറ്റിലായതിനാൽ വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ എംഎൽഎമാർ അതാത് പാർട്ടി പ്രതിനിധികളെ കാണിക്കേണ്ടതാണ്. എസ് ആർ ശ്രീനിവാസ് ബാലറ്റ് പേപ്പർ ജെഡിഎസ് പ്രതിനിധിയെ കാണിച്ചപ്പോഴാണ് വോട്ട് രേഖപ്പെടുത്താത്ത വിവരം മനസിലായത്. ഇത് പിന്നീട് പാർട്ടി അദ്ധ്യക്ഷൻ എച്ച് ഡി കുമാരസ്വാമി തന്നെ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയെങ്കിലും എസ് ആർ ശ്രീനിവാസ് ആരോപണം നിഷേധിച്ചു. ഗുബ്ബി നിയോജകമണ്ഡലത്തിലെ എം എൽ എയാണ് എസ് ആർ ശ്രീനിവാസ്.

ഇതിനു പിന്നാലെയാണ് ശ്രീനിവാസ് ഗൗഡ പുറത്തെത്തി താൻ വോട്ട് ചെയ്തത് കോൺഗ്രസിനാണെന്ന് വെളിപ്പെടുത്തിയത്. കോൺഗ്രസിന് എന്തിന് വോട്ട് ചെയ്തു എന്ന് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തനിക്ക് ആ സമയം അങ്ങനെ ചെയ്യാനാണ് തോന്നിയത് എന്ന് ശ്രീനിവാസ് മറുപടി പറഞ്ഞു. ഇതിന് മുമ്പ് ജെഡിഎസ് വിട്ട് കോൺഗ്രസിൽ ചേരും എന്ന് പലതവണ വെളിപ്പെടുത്തിയിട്ടുള്ള വ്യക്തി കൂടിയാണ് ശ്രീനിവാസ് ഗൗഡ.

ഇവരെ ഇരുവരെയും കൂടാതെ മറ്റൊരു ജെഡിഎസ് എം എൽ എ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിനെ കാണിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇയാളും കോൺഗ്രസിനാണ് വോട്ട് ചെയ്തത് എന്ന് കരുതുന്നു. അതേസമയം കോൺഗ്രസിന് വോട്ട് ചെയ്ത ജെഡിഎസ് എം എൽ എമാരുടെ നടപടി എച്ച് ഡി കുമാരസ്വാമിയെ അസ്വസ്ഥനാക്കുന്നുണ്ട്. കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് നാല് സീറ്റുകളിലാണ് മത്സരം നടക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ നടക്കുന്നതിനാൽ ഓരോ വോട്ടും പാർട്ടികൾക്ക് വിലയേറിയതാണ്. അതിനാൽ തന്നെ ഒരു വോട്ട് പോലും മാറി ചെയ്താൽ അത് ഫലത്തെ വളരെ വലിയ രീതിയിൽ സ്വാധീനിക്കും.

കഴിഞ്ഞ ദിവസം ജനതാദൾ സെക്യുലർ എം എൽ എമാർക്ക് കോൺഗ്രസ് എഴുതിയ കത്തിൽ വോട്ട് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് നൽകണമെന്ന് അഭ്യ‌ർത്ഥിച്ചിരുന്നു. ജനതാദൾ സെക്യുലർ അവകാശപ്പെടുന്ന് മതസമത്വത്തിന് വേണ്ടി യഥാർത്ഥത്തിൽ പോരാടുന്നത് കോൺഗ്രസ് ആണെന്നും ബി ജെ പി ഉയർത്തുന്ന വെല്ലുവിളി നേരിടാൻ കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാകണം ജെ ഡി എസ് എം എൽ എമാ‌ർ കോൺഗ്രസിന് വോട്ട് ചെയ്തത് എന്ന് കരുതുന്നു.