
തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ മുഴുവൻ ദുരൂഹതയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇത്രയേറെ ആരോപണങ്ങൾ ഉയർന്നിട്ടും കേന്ദ്ര ഏജൻസികൾ മൗനം തുടരുന്നതിന് പിന്നിൽ ബി.ജെ.പിയുമായുള്ള സി.പി.എമ്മിന്റെ ധാരണയാണെന്നും സതീശൻ കുറ്റപ്പെടുത്തി. സ്വപ്നയുടെ ആരോപണങ്ങളിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന പിണറായി വിജയൻ മുഖ്യമന്ത്രി പദത്തിൽ നിന്നും മാറിനിൽക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
സ്വപ്ന സുരേഷിന്റെ ശബ്ദരേഖയിലെ കാര്യങ്ങൾ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണനമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിവാദത്തിൽ ക്ലീഷേ വാചകങ്ങൾ പറയാതെ സി.പി.എമ്മും മുഖ്യമന്ത്രിയും കൃത്യമായി മറുപടി പറയണം. മാദ്ധ്യമ പ്രവർത്തകൻ ഷാജ് കിരൺ പൊലീസ് വിട്ട ഇടനിലക്കാരൻ ആയിരുന്നോ. ഇങ്ങനെയാണോ പൊലീസ് ഈ കേസ് കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞതു പോലെ കോൺഗ്രസ് പ്രവർത്തകർ ചെയ്യുില്ലെന്നും അക്കാര്യത്തിൽ മുഖ്യമന്ത്രി പേടിക്കേണ്ടതില്ലെന്നും സതീശൻ പറഞ്ഞു.