
ലോസ് ആഞ്ചൽസ്: ജോണി ഡെപ്പും മുൻ ഭാര്യ ആംബർ ഹേർഡും വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിച്ചിരുന്ന ആഡംബര വീട് വിൽപ്പനയ്ക്ക്. പല യൂണിറ്റുകളായി തിരിച്ചാണ് ജോണി ഡെപ്പ് ഈ വീട് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. 2015ൽ നടന്ന വിവാഹത്തിന് ശേഷം 15 മാസത്തോളം ഇരുവരും ഈ വീട്ടിൽ താമസിച്ചിരുന്നു. 2016ൽ ഇരുവരും വേർപിരിഞ്ഞപ്പോൾ ഡെപ്പ് ഈ വീടിന്റെ കുറച്ചു ഭാഗങ്ങൾ വിറ്റിരുന്നു. ഇപ്പോൾ ബാക്കിയുള്ള ഭാഗങ്ങളും വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ് ഹോളിവുഡ് താരം.1.76 മില്ല്യൺ ഡോളറാണ് ഡെപ്പ് ഈ വീടിനായി ചോദിക്കുന്ന വില ഏകദേശം 13.7 കോടി രൂപയോളം വരും ഈ തുക.

1930ൽ പണി കഴിപ്പിച്ച 1780 ചതുരശ്ര അടി വിസ്തീർണമുള്ള ഈ വീടിന് ഒരു കിടപ്പുമുറി, രണ്ട് ബാത്ത്റൂമുകൾ, ആധുനിക സജ്ജീകരണങ്ങളോട് കൂടിയ അടുക്കള, ആഡംബരം നിറഞ്ഞ പ്രൈമറി സ്യൂട്ട് എന്നിവയാണ് സൗകര്യമായി ഉള്ളത്.

ലോസ് ആഞ്ചൽസ് ഡൗൺടൗണിലെ പ്രശസ്തമായ ബ്രോഡ്‌വേയിൽ സ്ഥിതി ചെയ്യുന്ന ആഡംബര വീട്ടിൽ റൂഫ്ടോപ്പ് പൂൾ, സ്പാ, ഫിറ്റ്നസ് സ്റ്റുഡിയോ എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങളുണ്ട്. വെയിൽ കായാൻ സൺ ഡെക്കും പരമ്പരാഗത ശൈലിയിൽ പാറക്കല്ലുകളും ചെറുചെടികളും വച്ച് ഒരുക്കിയ സെൻ ഗാർഡനും ഈ വീടിന്റെ പ്രത്യേകതകളാണ്.

രണ്ട് നിലകളിലായി പണി കഴിപ്പിച്ചിട്ടുള്ള ഈ വീട്ടിൽ പരമ്പരാഗത ശൈലിയിലുള്ള ലിവിംഗ് ഏരിയയാണെങ്കിൽ, അടുക്കള ആധുനിക രീതിയിൽ സ്റ്റെയിൻലെസ് സ്റ്റീലിൽ പണിതീർത്തതാണ്.

1780 ചതുരശ്ര അടി വീസ്തീർണമുള്ള ഈ വീട്ടിൽ ഒരു കിടപ്പുമുറി മാത്രമാണുള്ളത്. എന്നാൽ ചുവന്ന ഇഷ്ടിക കൊണ്ട് പണിതീർത്ത ചുവരുകളും തടിയിൽ തീർത്ത ബീമുകൾ ഉള്ള സീലിംഗും ഈ മുറിയെ മനോഹരമാക്കുന്നു. മുറിയിലുള്ള രണ്ട് ജനാലകളും മികച്ച രീതിയിൽ തന്നെ പ്രയോജനപ്പെടുത്തിയിട്ടുള്ളതിനാൽ മുറിക്കുള്ളിൽ പ്രകാശത്തിനും വായുവിനും ഒരു തടസ്സവും നേരിടുന്നില്ല.