
തിരുവനന്തപുരം : സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്‌ദരേഖയിലെ സംഭാഷണങ്ങൾ ബുധനാഴ്ചത്തേത് തന്നെയെന്ന് സുഹൃത്ത് ഇബ്രാഹിം വെളിപ്പെടുത്തി. ശബ്ദം തന്റേത് തന്നെയെന്നും ഇബ്രാഹിം സ്ഥിരീകരിച്ചു. പണം വാങ്ങി ഒത്തുതീർപ്പാക്കണമെന്ന് താൻ പറഞ്ഞു. അത് സ്വപ്നയെ ആശ്വസിപ്പിക്കാൻ വേണ്ടിയായിരുന്നുവെന്നും ഇബ്രാഹിം വ്യക്തമാക്കി. എന്നാൽ ശബ്ദരേഖയിൽ എഡിറ്റിംഗ് നടന്നതായും സ്വപ്ന പറയുന്ന ഭാഗങ്ങൾ ഒഴിവാക്കിയതായും ഇബ്രാഹിം ആരോപിച്ചു.
കാക്കു എന്നു പറയുന്നത് എന്നെ തന്നെയാണ്. ഷാജ് കിരണിനെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തിയത് താനാണെന്നും ഇബ്രാഹിം ,സ്വകാര്യ ചാനലിനോട് പറഞ്ഞു.
സുഹൃത്ത് ഷാജ് കിരണുമായുള്ള ശബ്ദ രേഖയാണ് സ്വപ്ന സുരേഷ് പുറത്ത് വിട്ടത്. ഇക്കൂട്ടത്തിൽ ഇബ്രാഹിം സംസാരിക്കുന്നതുമുണ്ട്. ഷാജ് കിരണുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹവുമായി സംസാരിക്കാനുള്ള കാരണവും പറഞ്ഞാണ് സ്വപ്ന സുരേഷ് വാര്‍ത്താ സമ്മേളനം നടത്തിയത്. വർഷങ്ങൾ മുമ്പേ ഷാജിനെ അറിയാമെന്നാണ് സ്വപ്ന പറയുന്നത്. ശിവശങ്കറിൻ്റെ പുസ്തകം ഇറങ്ങിയ ശേഷമാണ് ഷാജുമായി വീണ്ടും പരിചയം പുതുക്കിയത്. രഹസ്യമൊഴി കൊടുത്ത ശേഷം നിർബന്ധമായും കാണണം എന്ന് ഷാജ് പറഞ്ഞു. അതനുസരിച്ച് തൃശൂരിൽ വെച്ച് കണ്ടു. കളിക്കുന്നത് ആരോടാണെന്ന് അറിയാമോ എന്നാണ് അന്ന് ഷാജ് എന്നോട് ചോദിച്ചതെന്നും ശബ്‌ദരേഖയിൽ പറയുന്നു.