pinarayi-vijayan

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി മുസ്ലീം ലീഗിന്റെ യുവജന സംഘടനയായ യൂത്ത് ലീഗ്. സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധ സമരങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ചിത്രമുള്ള നോട്ടീസ് പുറത്തിറക്കുന്നതെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് പറഞ്ഞു. ജില്ലാ പൊലീസ് ആസ്ഥാനങ്ങളിൽ നാളെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധിക്കുമെന്നും പി കെ ഫിറോസ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് ഉടനീളം പ്രതിപക്ഷം ഉയർത്തുന്നത്. കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ മാർച്ചിൽ ഇന്ന് സംഘർഷമുണ്ടായി.

അതേസമയം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയ്‌ക്കെതിരായ ആരോപണങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. വിഷയത്തിൽ മുഖ്യമന്ത്രിയ്‌ക്ക് രാഷ്‌ട്രീയ പ്രതിരോധം തീർക്കാനും സ്വപ്‌നയുടെ ആരോപണങ്ങൾക്ക് പിന്നിൽ പ്രതിപക്ഷവും ബിജെപിയുമാണെന്ന് തുറന്നുകാട്ടാനും രാഷ്‌ട്രീയ വിശദീകരണ യോഗം വിളിച്ചു ചേർക്കാനാണ് പാർട്ടി തീരുമാനം.

സ്വപ്‌നയുടെ ആരോപണത്തിന് പിന്നിൽ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് പാർട്ടിയും മുന്നണിയും കരുതുന്നു. കോൺഗ്രസും ബിജെപിയും ഇതിന് പിന്നിലുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. അതിനാൽ വിശദീകരണയോഗങ്ങളിൽ പാർട്ടിയുടെ പ്രധാന നേതാക്കൾതന്നെ വിഷയം ജനങ്ങളോട് വിവരിക്കും. മുൻപ് തിരഞ്ഞെടുപ്പിന് മുൻപായിരുന്നു സ്വർണക്കടത്ത്, ഡോളർ കടത്ത് വിഷയങ്ങൾ സംസ്ഥാനത്ത് കോളിളക്കം സൃഷ്‌ടിച്ചത്. അന്നത്തേതിലും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള‌ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.