paytm

പേടിഎം വഴി സ്ഥിരമായി മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്ന വ്യക്തികളെ അലോസരപ്പെടുത്തുന്ന പുതിയൊരു അപ്ഡേഷനുമായി എത്തിയിരിക്കുകയാണ് മൊബൈൽ ആപ്പ് കമ്പനി. ഫോൺ റീചാർജ് ചെയ്യുന്നതിന് സർചാർജ് ഏർപ്പെടുത്തിയിരിക്കുകയാണ് പേടിഎം. ഓരോ മൊബൈൽ റീചാർജിനും ഒരു രൂപ മുതൽ ആറ് രൂപ വരെയാണ് സർചാർജ്. പണമടയ്ക്കുന്നത് പേടിഎം വാലറ്റ് വഴിയായാലും കാർഡ് - നെറ്റ്ബാങ്കിംഗ് എന്നിവ മുഖാന്തരമായാലും ഈ സർചാർജ് നൽകേണ്ടി വരും. നേരത്തെ പേടിഎം വാലറ്റ് വഴി പണമടയ്ക്കുന്നവർക്ക് ആപ്പ് ഡിസ്കൗണ്ടുകൾ നൽകിയിരുന്നു. അവിടെ നിന്നുമാണ് പുതിയ മാറ്രം എന്നത് ശ്രദ്ധേയമാണ്.
അതേസമയം ഈ പുതിയ അപ്ഡേഷൻ പേടിഎമ്മിന്റെ എല്ലാ ഉപഭോക്താക്കൾക്കും ബാധകമല്ല എന്നതാണ് രസകരം. തിരഞ്ഞെടുക്കപ്പെട്ട ചില ഉപഭോക്താക്കൾക്ക് മാത്രമാണ് ഇപ്പോൾ മൊബൈൽ റീചാർജിന് സർചാർജ് നൽകേണ്ടി വരുന്നത്. എന്നാൽ ഈ ഉപഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് പേടിഎം എന്ത് മാനദണ്ഡമാണ് സ്വീകരിച്ചതെന്ന് വ്യക്തമല്ല. കഴിഞ്ഞ മാ‌ർച്ച് മാസം മുതൽ തന്നെ പേടിഎം സർചാർജ് ഏർപ്പെടുത്തിയിരുന്നെങ്കിലും അധികം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കണവീനിയൻസ് ഫീ എന്ന പേരിൽ വാങ്ങിയിരുന്ന തുക ഇപ്പോൾ പേടിഎം പ്ളാറ്റ്ഫോം ഉപയോഗിക്കുന്നതിനുള്ള ഫീസ് എന്ന തരത്തിലേക്ക് മാറ്രിയതോടെയാണ് ഇത് പലരുടെയും ശ്രദ്ധയിൽപ്പെടാൻ തുടങ്ങുന്നത്.

പേടിഎമ്മിന്റെ ലാഭം കൂട്ടുന്നതിന് വേണ്ടിയുള്ള ഒരു ഉപായം എന്ന രീതിയിലാണ് ആപ്ളിക്കേഷൻ ഉടമകൾ സർചാർജിനെ കാണുന്നതെന്ന് വ്യക്തമാണ്. അതേസമയം പേടിഎം മാത്രമല്ല ഇത്തരത്തിൽ സർചാർജ് ഏർപ്പെടുത്തിയിട്ടുള്ളത്. പേടിഎമ്മിന്റെ എതിരാളികളായ ഫോൺപേ ഇതിന് മുമ്പ് തന്നെ മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നവരിൽ നിന്നും സർചാർജ് ഈടാക്കുന്നുണ്ടായിരുന്നു. ഭാവിയിൽ ഗൂഗിൾ മുതലായ എല്ലാ യു പി ഐ വാലറ്റുകളും സർചാർജ് ഈടാക്കാൻ ആരംഭിക്കുമെന്നാണ് ടെക്ക് വിദഗ്ദ്ധർ കരുതുന്നത്. അതേസമയം 100 രൂപയ്ക്ക് മുകളിലുള്ള മൊബൈൽ റീചാർജുകൾക്ക് മാത്രമാണ് പേടിഎം നിലവിൽ സർചാർജ് ഈടാക്കുന്നത്.