cm

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്ന പ്രതിഷേധങ്ങളുടെ വാർത്ത നൽകിയ മാദ്ധ്യമപ്രവർത്തകന് വധഭീഷണി. കണ്ണൂർ മീഡിയയുടെ റിപ്പോർട്ടർ ശിവദാസൻ കരിപ്പാലിനാണ് വധഭീഷണി. മുഖ്യമന്ത്രിക്കെതിരായ വാർത്ത റിപ്പോർട്ട് ചെയ്താൽ ശ്വാസം ബാക്കിയുണ്ടാകില്ലെന്നാണ് ശിവദാസന്റെ ഫോണിൽ വന്ന സന്ദേശത്തിൽ പറയുന്നത്. വാട്സാപ്പിലാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ചേട്ടന്റെ മകൻ അഡ്വ സി സത്യനാണ് ഭീഷണി മുഴക്കിയതെന്ന് ശിവദാസൻ മാദ്ധ്യമങ്ങളോട് പിന്നീട് പറഞ്ഞു.

അതേസമയം സ്വർണക്കടത്തിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയ സ്വപ്‌ന സുരേഷിനുള്ള സുരക്ഷ പൊലീസ് ശക്തമാക്കി. സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്‌നയുടെ ഫ്ളാറ്റിൽ 24 മണിക്കൂർ പൊലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്. ജീവന് ഭീഷണിയുള‌ളതായി കാണിച്ച് സ്വപ്‌ന ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് പൊലീസ് സ്വപ്‌നയുടെ വീട്ടിലും ഓഫീസിലും സുരക്ഷ ശക്തമാക്കിയത്.

സ്വപ്‌നയുടെ ഓഫീസിൽ സിസിടിവി ക്യാമറ സ്ഥാപിക്കാനുള‌ള ഒരുക്കം നടക്കുകയാണ്. ജീവന് ഭീഷണിയുള‌ളതിനാലാണ് ശേഖരിച്ച തെളിവുകൾ പുറത്തുവിടുന്നതെന്നും സ്വപ്‌ന വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിയെയോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെയോ അറിയില്ലെന്ന് ഷാജ് കിരൺ പറഞ്ഞിരുന്നു.