justin-bieber

തനിക്ക് റാംസെ ഹണ്ട് സിൻഡ്രോമാണെന്ന് ആരാധകരെ അറിയിച്ച് ഗായകൻ ജസ്റ്റിൻ ബീബർ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. അടുത്തിടെയാണ് രോഗം സ്ഥിരീകരിച്ചതെന്നും 28കാരനായ ഗായകൻ പറയുന്നു.

ആരോഗ്യവിദഗ്ദ്ധർ പറയുന്നതനുസരിച്ച്, റാംസെ ഹണ്ട് സിൻഡ്രോം മുഖത്ത് പക്ഷാഘാതമോ പുറം ചെവിയിൽ ചുണങ്ങോ ഉണ്ടാക്കുന്ന അപൂർവവും എന്നാൽ ഗുരുതരവുമായ അവസ്ഥയാണ്. ചിക്കൻപോക്‌സിനും ഷിംഗിൾസിനും കാരണമാകുന്ന വാരിസെല്ല-സോസ്റ്റർ വൈറസാണ് ആര്‍എച്ച്എസും ഉണ്ടാക്കുന്നത്. മുഖത്തിന്റെ ചലനത്തെ നിയന്ത്രിക്കുന്ന നാഡിയെ വൈറസ് ബാധിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഗുരുതരവും വേദനാജനകവുമായ ഈ രോഗം ചിലപ്പോള്‍ എന്നന്നേക്കുമായി കേള്‍വി ശക്തി നഷ്ടപ്പെടുന്നതിനും കാരണമാകും.

View this post on Instagram

A post shared by Justin Bieber (@justinbieber)

'നിങ്ങൾ എന്റെ മുഖത്ത് കാണുന്നതുപോലെ എനിക്ക് റാംസെ ഹണ്ട് സിൻഡ്രോം ആണ്. ഈ വൈറസ് എന്റെ ചെവിയിലെ നാഡിയെയും മുഖത്തെ ഞരമ്പുകളെയും ബാധിക്കുകയും എന്റെ മുഖത്തിന് പക്ഷാഘാതം ഉണ്ടാക്കുകയും ചെയ്തു. ഈ അവസ്ഥ എന്റെ മുഖത്തിന്റെ ഒരു വശം തളർത്തി, ഒരു കണ്ണ് ചിമ്മുന്നതിനും, ചിരിക്കാനും ബുദ്ധിമുട്ടുണ്ട്. കേൾവിശക്തിക്കും ബുദ്ധിമുട്ടുണ്ടായേക്കാം. ഈ രോഗം കാരണം ഷോകൾ പലതും മാറ്റിവയ്ക്കേണ്ടി വന്നു.'- ജസ്റ്റിൻ ബീബർ വീഡിയോയിൽ പറയുന്നു. തന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ നിരന്തരം പങ്കുവയ്ക്കാം എന്നും ബീബർ വീഡിയോയിൽ പറയുന്നു.