
തൃശൂർ: മോഷ്ടിക്കാൻ കയറിയ സ്ഥലത്ത് നിന്നും ഒന്നും കിട്ടാത്ത കള്ളൻ എഴുതിയ രസകരമായ കുറിപ്പ് ശ്രദ്ധ നേടുന്നു. കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിൽ കയറിയ കള്ളനാണ് സ്ഥാപനത്തിൽ നിന്നും ഒന്നും കിട്ടാത്തതിന്റെ നിരാശയിൽ കുറിപ്പ് എഴുതിയത്.
വ്യാപാര സമുച്ചയത്തിലെ മൂന്നു കടകളിലാണ് കള്ളന്‍ കയറിയത്. കടകളുടെ പൂട്ട് പൊളിച്ച് അകത്തുകയറിയ കള്ളന് ഒരു കടയില്‍ നിന്ന് പന്ത്രണ്ടായിരം രൂപയും മറ്റൊരു കടയില്‍ നിന്ന് അഞ്ഞൂറു രൂപയും കിട്ടി. എന്നാൽ മൂന്നാമത്തെ കടയില്‍ നിന്ന് പണമൊന്നും കിട്ടിയില്ല. ഒരു ജോഡി ഡ്രസ് മാത്രമാണ് കള്ളൻ ഇവിടെ നിന്നും എടുത്തത്.
ഈ കടയ്ക്ക് ചില്ലുവാതിലായിരുന്നു. ഇത് തകർത്താണ് കള്ളന്‍ അകത്തു കയറിത്. കടയുടമ പണമൊന്നും ഇവിടെ സൂക്ഷിച്ചിരുന്നില്ല. ഇതോടെയാണ് നിരാശനായ കള്ളന്‍ ഒരു ജോഡി ഡ്രസ് മാത്രമെടുത്ത ശേഷം ചില്ലു കഷണത്തില്‍ സന്ദേശം എഴുതിയത്.
‘പൈസ ഇല്ലെങ്കില്‍ എന്തിനാടാ ഡോർ പൂട്ടിയിട്ടത്, വെറുതെ തല്ലിപ്പൊളിച്ചില്ലേ. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു’.- ചില്ലുകഷ്‌ണത്തിൽ കള്ളൻ എഴുതി.
പണം കിട്ടാത്തതിന്റെ നിരാശയിൽ കള്ളന്‍ ഈ സന്ദേശം എഴുതിയതാകാമെന്ന് പൊലീസ് പറഞ്ഞു. ഒരിടത്ത് മോഷ്ടിക്കാന്‍ കയറിയാല്‍ ഒന്നും കിട്ടിയില്ലെങ്കിലും പേരിന് എന്തെങ്കിലും എടുക്കുന്ന പതിവ് ചില കള്ളന്‍മാര്‍ക്ക് ഉണ്ടെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എവിടെയെങ്കിലും മോഷ്‌ടിക്കാൻ കയറിയാൽ സന്ദേശം എഴുതി വയ്ക്കുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.