
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സ്വപ്ന കോടതിയിൽ നൽകിയ രഹസ്യ മൊഴിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്നുമുള്ള മുൻ മന്ത്രി കെ ടി ജലീലിന്റെ പരാതിയിൽ സ്വപ്നയെയും പി സി ജോർജിനെയും പ്രതികളാക്കിയെടുത്ത കേസ് നിലനിൽക്കുമോയെന്ന് പൊലീസിന് ആശങ്ക.
ഐ പി സി 153 (കലാപത്തിനുള്ള ആഹ്വാനം), 120-ബി (ഗൂഢാലോചന) വകുപ്പുകൾ ചുമത്തിയാണ് കേസ്. കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിന്റെ പേരിൽ കലാപത്തിനുള്ള ആഹ്വാനക്കുറ്റം ചുമത്തിയത് നിലനിൽക്കുമോയെന്നതാണ് സംശയം.
പ്രത്യേക അന്വേഷണ സംഘത്തലവൻ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനൻ, അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബിനെ ഇന്നലെ നേരിൽ കണ്ട് ഇക്കാര്യം അറിയിച്ചു. എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്നയും ജോർജും ഹൈക്കോടതിയിൽ ഹർജി നൽകാനിരിക്കുകയാണ്.
ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങൾ എഴുതി നിയമോപദേഷ്ടാവിന് കൈമാറാൻ ക്രൈംബ്രാഞ്ച് മേധാവി നിർദ്ദേശിച്ചു. നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് ഓൺലൈനായി അന്വേഷണ സംഘം യോഗം ചേരും.
കലാപത്തിന് ആഹ്വാനം നടത്തിയതിനുള്ള ഐ പി സി 153 ചുമത്തുന്നത് കരുതലോടെ വേണമെന്ന് അരുൺ പുരി കേസിൽ സുപ്രീംകോടതി ഉത്തരവുണ്ട്. ഒരു അക്രമമോ പ്രത്യേക സംഭവമോ ,അതേത്തുടർന്നുള്ള അക്രമ പരമ്പരകളോ ഉണ്ടെങ്കിലേ ഈ വകുപ്പ് നിലനിൽക്കൂ. രഹസ്യ മൊഴിപുറത്തുവിടുന്നത് കലാപത്തിനുള്ള ആഹ്വാനമായി വ്യാഖ്യാനിക്കാനാവില്ലെന്ന് നിയമവിഗദ്ധർ പറയുന്നു.
കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയ്ക്കാണ് ഐ.പി.സി 120 (ബി) പ്രകാരം കുറ്റം ചുമത്തിയത്. എന്നാൽ ,കലാപ ആഹ്വാനത്തിനുള്ള ഐ.പി.സി 153 നിലനിൽക്കില്ലെങ്കിൽ ഗൂഢാലോചനക്കുറ്റത്തിന് പ്രസക്തിയില്ലാതാവും. സി.ആർ.പി.സി 164പ്രകാരമുള്ള രഹസ്യ മൊഴിയിൽ കുറ്റസമ്മത മൊഴിയായോ, സാക്ഷി മൊഴിയായോ എന്തും പറയാം.
എന്നാൽ, വിചാരണ വേളയിൽ, രഹസ്യമൊഴിയിലേത് തെറ്റായ വിവരങ്ങളാണെന്ന് തെളിയിക്കാനായാൽ ഐ.പി.സി 193 പ്രകാരം വ്യാജ തെളിവു നൽകിയതിന് കേസെടുക്കാനാവും. തനിക്കെതിരെ വ്യാജ മൊഴി നൽകിയെന്ന് സി.ആർ.പി.സി 341പ്രകാരം മുഖ്യമന്ത്രിക്ക് കോടതിയിൽ ഹർജി നൽകാം. എന്നാൽ ഇത് വിചാരണ വേളയിലാവും പരിഗണിക്കപ്പെടുക.