
കോഴിക്കോട്: കൂളിമാട് പാലത്തിന്‍റെ തകര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ട് തള്ളിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തത തേടുകയാണ് ചെയ്തതെന്നും മന്ത്രി മുഹമ്മദ് റിയാസ്. ഏത് തരം പിഴവാണെങ്കിലും പരിഹരിക്കപ്പെടണം. ഉദ്യോഗസ്ഥരുടെ വീഴ്ച്ചയുള്‍പ്പടെ പരിശോധിക്കും. ഊരാളുങ്കലിന്‍റെ വാദം അതേപടി അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് കൂളിമാട് കടവില്‍ നിര്‍മിക്കുന്ന പാലത്തിന്‍റെ ബീമുകള്‍ തകര്‍ന്ന് ഒരു മാസം പൂര്‍ത്തിയാകാനിരിക്കെ ആണ് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ കയ്യില്‍ കിട്ടിയ റിപ്പോര്‍ട്ട് മന്ത്രി മുഹമ്മദ് റിയാസ് ഉടനടി മടക്കുകയായിരുന്നു. അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജീനിയര്‍ എം അന്‍സാര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ രണ്ട് പിഴവുകളെക്കുറിച്ചാണ് പറയുന്നത്. ബീമുകള്‍ ഉറപ്പിപ്പിക്കുമ്പോള്‍ ഹൈഡ്രോളിക് ജാക്ക് തകരാറായതാണ് ഒരു പ്രശ്നം. പ്രവൃത്തി നടക്കുന്ന സ്ഥലത്ത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്നതടക്കം മാനുഷിക പിഴവുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. എന്നാൽ ഇതിൽ എന്താണ് അപകടത്തിന്റെ പ്രധാന കാരണമെന്ന് വ്യക്തമാക്കണമെന്ന് മന്ത്രി നിർദേശിച്ചു.
ഇക്കഴിഞ്ഞ മേയ് 16നായിരുന്നു കൂളിമാട് പാലത്തിന്‍റെ മൂന്ന് ബിമുകള്‍ നിര്‍മാണത്തിനിടെ തകര്‍ന്നത്. അപകടം നടക്കുമ്പോള്‍ ചുമതലയിലുണ്ടായിരുന്നവര്‍ ഉള്‍പ്പടെ എനന്‍ജിനീയേഴ്സ് അസോസിയേഷന്‍റെ കലാകായിക മേളയില്‍ പങ്കെടുക്കുകയായിരുന്നുവെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു.