police

കോട്ടയം: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷ പൊലീസ് വർദ്ധിപ്പിച്ചതോടെ നട്ടംതിരിഞ്ഞ് പൊതുജനം. കോട്ടയം നഗരത്തോട് ചേർന്ന കെ.കെ റോഡ് പൂർണമായും അടച്ചു. പരിപാടി നടക്കുന്ന മാമ്മൻ മാപ്പിള ഹാളിലെ റോഡും പൂർണമായും അടച്ചു. ഇതോടെ ഇതുവഴി പോകേണ്ട വാഹനങ്ങൾ വഴിതിരിച്ച് വിട്ടതോടെ ജനങ്ങളെല്ലാം വലഞ്ഞു. കോട്ടയം ജനറൽ ആശുപത്രിയിലേക്ക് ഇതുവഴി എത്തിയ രോഗികൾക്കും പ്രയാസമുണ്ടായി. എന്നാൽ കനത്ത സുരക്ഷയ്‌ക്കിടയിലും മുഖ്യമന്ത്രിയ്‌ക്ക് നേരെ കരിങ്കൊടി കാണിച്ചവരെ പൊലീസ് കസ്‌റ്റ‌ഡിയിലെടുത്തു. രണ്ട് ബിജെപി പ്രവർത്തകരെയാണ് പിടികൂടിയത്.

cmo

നഗരത്തിൽ മാമോദീസ ചടങ്ങ് കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് പോയ കുടുംബത്തെ പൊലീസ് തടഞ്ഞു. ഒരുമണിക്കൂർ കഴിഞ്ഞ് പോയാൽമതിയെന്ന് പൊലീസ് പറഞ്ഞതായി കുടുംബം അറിയിച്ചു. പലയിടത്തും പൊതുജനം പൊലീസുമായി വാക്കുതർക്കമുണ്ടായി. 11 മണിക്കാണ് കെജിഒഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള‌ള പ്രതിനിധി സമ്മേളനം. പ്രതിഷേധങ്ങളെ തുടർന്ന് യോഗം 10.30നാക്കി. ഇതിനായി രാവിലെ 8.30ന് തന്നെ നഗരത്തോട് ചേർന്ന് ക്രമീകരണങ്ങൾ തുടങ്ങി. ഇതോടെ നഗരത്തിലെ ഓഫീസുകളിലേക്കും സ്‌കൂളുകളിലേക്കും പോകാൻ പുറപ്പെട്ട വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയാസമുണ്ടായി.

vas

അതേസമയം ലോകമഹായുദ്ധത്തിന്റെ പ്രതീതിയാണ് പൊലീസ് നഗരത്തിൽ സൃഷ്‌ടിച്ചതെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ പറഞ്ഞു. പരിപാടി റിപ്പോർട്ട് ചെയ്യേണ്ട മാദ്ധ്യമ പ്രവർത്തകർക്കും പാസ് ഏർപ്പെടുത്തിയിട്ടുണ്ട്. കറുത്ത മാസ്‌ക് ധരിച്ചെത്തുന്നതിനും വിലക്കുണ്ടെന്നും സംസാരമുണ്ട്. ഇതിനിടെ സമ്മേളന നഗരിയിലെത്തിയ മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കുകയാണ് ഇപ്പോൾ. നാൽപതംഗ സംഘമാണ് മുഖ്യമന്ത്രിയ്‌ക്ക് സുരക്ഷയ്‌ക്കായി അനുഗമിക്കുക. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ചുപേരും രണ്ട് കമാന്റോ വാഹനത്തിൽ പത്തുപേരുമുണ്ട്. ദ്രുത പരിശോധനയ്‌ക്ക് എട്ടുപേർ, ഒരു പൈലറ്റ്, എസ്‌കോർട്ട് സംഘവും അധികമായുണ്ട്. ഇതിനുപുറമേ മറ്റ് സുരക്ഷയുമുണ്ട്. വേദിയ്‌ക്ക് പുറത്തും കനത്ത പൊലീസ് വിന്യാസമുണ്ട്.