mudslide

തിരുവനന്തപുരം: തലസ്ഥാനത്ത് പനവിളയിൽ നിർമ്മാണത്തിലിരുന്ന അപാർട്ട്മെന്റിനോട് ചേർന്ന മൺതിട്ട ഇടിഞ്ഞുവീണ് രണ്ടുപേർ മണ്ണിനടിയിൽ പെട്ടു. തൈക്കാട് മോഡൽ സ്‌കൂളിനോട് ചേർന്നാണ് അപകടം നടന്ന സ്ഥലം.മൺതിട്ടയിടിഞ്ഞ് മൂന്ന്പേർക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാളെ രക്ഷിച്ച് ആശുപത്രിയിലാക്കി. പശ്ചിമ ബംഗാൾ സ്വദേശി ദീപക് ബർമ്മൻ(23) ആണ് ജനറൽ ആശുപത്രിയിൽ ചികിത്സയിലുള‌ളത്. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല.

mudd

അപാർട്ട്‌മെന്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭാഗത്തെ അടുക്കളയും ഇതിനോട് ചേർന്ന പാർശ്വഭിത്തിയുമടങ്ങിയ ഭാഗത്തെ മൺതിട്ടയാണ് ഇടിഞ്ഞത്. ഇവിടെ ഭക്ഷണം പാകംചെയ്‌തുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നവരിൽ ഒരാളുടെ അരയ്‌ക്കു താഴെ മണ്ണ് നിറഞ്ഞ നിലയിലാണ്. മണ്ണും കോൺക്രീറ്റ് കഷ്‌ണങ്ങളും വീണ് ചോരവാർന്ന നിലയിലുള‌ള ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. ഇതിനിടെ അഗ്നിരക്ഷാ സേന രക്ഷാപ്രവർത്തനം നടത്തുന്നതിന് മുകളിലെ മൺതിട്ട എപ്പോൾ വേണമെങ്കിലും തകർന്നുവീഴാവുന്ന നിലയിലാണ്. ഇത് രക്ഷാപ്രവർത്തനം നടത്തുന്ന ഫയർഫോഴ്‌സ്‌കാർക്കും അപകടകരമാണെന്നാണ് വിവരം.