
ഭോപ്പാൽ: അഞ്ചരലക്ഷം രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റ അമ്മ പിടിയിൽ. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ഇരുപത്തിമൂന്നുകാരിയായ ഷൈനയാണ് അറസ്റ്റിലായത്. കുട്ടിയെ വാങ്ങിയ സ്ത്രീയേയും കൂട്ടുനിന്നവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
അന്തർ സിംഗ് എന്നയാളുമായി ഷൈന ലിവ് ഇൻ റിലേഷനിലായിരുന്നു. ഗർഭിണിയായിരിക്കുമ്പോഴാണ് യുവതിയും ഇയാളും തമ്മിലുള്ള ബന്ധം തുടങ്ങിയത്. ഗർഭച്ഛിദ്രം നടത്താൻ ഇയാൾ ആഗ്രഹിച്ചെങ്കിലും അത് നടന്നില്ല.
തുടർന്ന് കുഞ്ഞിനെ കളയണമെന്ന് ഇയാൾ യുവതിയോട് ആവശ്യപ്പെട്ടു. അല്ലെങ്കിൽ താൻ കൂടെ താമസിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ജനിച്ച് പതിനഞ്ച് ദിവസത്തിനകം യുവതി നവജാത ശിശുവിനെ വിറ്റു. നാൽപത് കിലോമീറ്റർ അകലെയുള്ള ലീന എന്ന സ്ത്രീയാണ് കുഞ്ഞിനെ വാങ്ങിയത്. ജനിച്ച് ആഴ്ചകൾക്കുള്ളിൽ ഇരട്ടക്കുട്ടിയെ നഷ്ടപ്പെട്ടയാളാണ് ലീന. ബ്രോക്കർ വഴിയാണ് ഷൈന ഈ യുവതിയെ കണ്ടെത്തിയത്.
അഞ്ചര ലക്ഷം രൂപയ്ക്ക് കുട്ടിയെ വിറ്റു. ഈ പണമുപയോഗിച്ച് ഷൈന ടിവിയും വാഷിംഗ്‌മെഷീനുമടക്കമുള്ള സാധനങ്ങൾ വാങ്ങുകയും ചെയ്തു. കുട്ടിയെ വിറ്റ് രണ്ട് മാസത്തിന് ശേഷമാണ് പൊലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്.